കൊച്ചി:രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന് കേരളാ ഹൈക്കോടതി.വ്യക്തിനിയമത്തിന് പകരം വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ടെന്നും ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോഴിക്കോട് സ്വദേശികളുടെ വിവാഹ മോചന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ചെയ്തികള്‍ ‘വൈവാഹിക ബലാത്സംഗം’ ആണെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും കോടതി പറഞ്ഞു.
ഭര്‍ത്താവ് ക്രൂരമായി പെരുമാറുന്നെന്ന് കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി സ്വീകരിച്ച കുടുംബ കോടതിയുടെ വിധി ചോദ്യം ചെയ്ത് യുവതിയുടെ ഭര്‍ത്താവ് ഹരജി നല്‍കിയിരുന്നു.സമ്പത്തിനോടും ലൈംഗികതയോടുമുള്ള ഭര്‍ത്താവിന്റെ അടങ്ങാത്ത ത്വര ഭാര്യയെ വിവാഹമോചനം നേടാന്‍ പ്രേരിപ്പിച്ചെന്നും ഭര്‍ത്താവിന്റെ തന്നിഷ്ടവും വഷളന്‍ പെരുമാറ്റവും സാധാരണ ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു
ജീവിതപങ്കാളിയുടെ സമ്പത്തിനോടും ലൈംഗികതയ്ക്കുമുള്ള അടങ്ങാത്ത പ്രേരണയും ക്രൂരതയ്ക്ക് തുല്യമാണെന്നും ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസ് എ. മുഹമ്മദ് മുസ്തക്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
സ്വന്തം ശരീരത്തിനുമേല്‍ വ്യക്തികള്‍ക്ക് സ്വകാര്യതാ അവകാശമുണ്ടെന്നും അതിനുമുകളിലുള്ള കടന്നുകയറ്റം സ്വകാര്യതയെ ലംഘിക്കലാണെന്നും കോടതി പറഞ്ഞു.