കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷ് എന്ന വ്യക്തിക്കാണ് സ്വർണപ്പാളി കൈമാറിയതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
കൃത്യം ആറ് വർഷം മുൻപ്, ഒക്ടോബർ മാസം പത്താം തീയതിയാണ് സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം കട്ടിയാക്കി കൈമാറിയിരിക്കുന്നത്. പോറ്റി നിയോഗിച്ച കൽപേഷ് എന്ന വ്യക്തിക്കാണ് ഈ സ്വർണം കൈമാറിയത് എന്ന് സ്മാർട്ട് ക്രിയേഷൻസിലെ റെക്കോർഡുകൾ വ്യക്തമാക്കുന്നതായി ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
2019 മാർച്ച് മാസം മുതൽ ഒക്ടോബർ മാസം വരെ നടന്നിട്ടുള്ള വലിയ തട്ടിപ്പാണ് കോടതിയുടെ ഉത്തരവിലൂടെ ഇപ്പോൾ പുറത്തേക്ക് വരുന്നത്. 2019 മാർച്ച് മാസത്തിലാണ് ശബരിമല ശ്രീകോവിലിലെ വാതിൽ പാളികൾ സ്വർണം പൂശുന്നതിനു വേണ്ടി സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകുന്നത്. ഈ പാളികൾ കൊണ്ടുപോയപ്പോൾ 'ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമാണ് ഇത് ചെമ്പുപാളികളാണെന്ന് രേഖപ്പെടുത്തിയിരുന്നത്.
വാതിൽപാളികൾ അഴിച്ചെടുത്ത ഘട്ടത്തിൽ ശബരിമല സന്നിധാനത്ത് വെച്ച് ഒരു മഹസർ തയ്യാറാക്കിയിരുന്നു. ഈ മഹസറിൽ അന്നത്തെ തന്ത്രിയായ കണ്ഠര് രാജീവരും മേൽശാന്തിയും അടക്കം ഒൻപത് പേർ ഒപ്പിട്ടിരുന്നു. എന്നാൽ, സ്വർണം പൊതിഞ്ഞ പാളികൾ എന്നതിനു പകരം വെറും ചെമ്പുപാളികൾ എന്നാണ് ഈ മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ 14 പീസുകളിൽ നിന്നാണ് സ്വർണം വേർതിരിച്ചെടുത്തത്. 989 ഗ്രാം സ്വർണം വേർതിരിച്ചെടുത്ത ശേഷം അതിന്റെ ബാക്കിപത്രവും കൈമാറ്റവും സംബന്ധിച്ച വിവരങ്ങൾ ഹൈക്കോടതിയുടെ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്മാർട്ട് ക്രിയേഷൻസ് അവരുടെ ചിലവിലേക്കായി 109 ഗ്രാം സ്വർണം എടുത്തു. 394.91 ഗ്രാം സ്വർണം മാത്രമാണ് യഥാർത്ഥത്തിൽ പൂശിയിരിക്കുന്നത്. ശേഷിക്കുന്ന 474.91 ഗ്രാം സ്വർണമാണ് കട്ടിയാക്കി കൈമാറിയിരിക്കുന്നത്.
തങ്ങളുടെ കൈവശം കിട്ടിയത് ഒരു തരി പൊന്നു പോലുമില്ലാത്ത ചെമ്പുപാളികളാണ് എന്നാണ് സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മഹസറിൽ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതിനെ ഉപയോഗിച്ചുകൊണ്ട്, തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്നും കൈവശം കിട്ടിയത് ചെമ്പുപാളികളാണെന്നും സമർത്ഥിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസും ശ്രമിച്ചു എന്ന് വ്യക്തമാണ്. അതായത്, ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ സ്മാർട്ട് ക്രിയേഷൻസും ശ്രമിച്ചിട്ടുണ്ട്.


