സിപിഎം-കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്ക്

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പോലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ക്കും പരിക്കുണ്ട്.

കണ്ണീര്‍വാതക പ്രയോഗവും നടന്നു. മുഖത്ത് പരിക്കേറ്റ ഷാഫിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം.

പേരാമ്പ്ര സികെജി കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് പേരമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താനും തീരുമാനിച്ചിരുന്നു.

ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ച് സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെയാണ് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്. ഇതിനിടെ പോലീസിന് നേരെ കല്ലേറും ഉണ്ടായി.

സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപി അടക്കമുള്ളവര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം അടക്കം നടത്തിവരികയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി പേരാമ്പ്രയിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News