കൊച്ചി: കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
നഗരത്തിലെ ഹോട്ടലുകളിൽ ഷവർമയയടക്കം ഉണ്ടാക്കി വിതരണം ചെയ്യാനെത്തിച്ച 500 കിലോ അഴുകിയ കോഴിയിറച്ചിറച്ചിയാണ് കളമശ്ശേരിയിൽ നിന്നും ഇന്നലെ പിടികൂടിയത്. റെയ്ഡിന് തൊട്ട് മുൻപും കേന്ദ്രത്തിൽ നിന്ന് തട്ടുകടകളിലേക്കും ഹോട്ടലുകളിലേക്കും പഴകിയ ഇറച്ചി വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തൽ. ഇറച്ചി വിൽപ്പന നടത്തിയ മണ്ണാർക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നൽകി. കളമശ്ശേരി കൈപ്പുടമുകളിലെ വാടക വീട് കേന്ദ്രീകരിച്ചാണ് സുനാമി ഇറച്ചിയുടെ വിപണനം നടന്നത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
സുനാമി ഇറച്ചി പിടികൂടിയതിന് പിന്നാലെ കളമശ്ശേരി നഗരസഭാ പരിധിയിൽ ഇന്നലെ വ്യാപക പരിശോധന നടന്നിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗവും, കളമശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടിച്ചു. പൈപ്പ് ലൈൻ റോഡിലുള്ള ഫലാസിൽ ദുബായ്, ഡെയിലി മീറ്റ് എന്നീ കടകളാണ് പൂട്ടിച്ചത്. ഡെയിലി മീറ്റ് എന്ന ജ്യൂസ് കടയിൽ നൂറിലേറെ പാക്കറ്റ് പാലുകൾ ദിവസങ്ങളായി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് കണ്ടെത്തി. ഫലാസിൽ ദുബായ് എന്ന ഹോട്ടലിൽ നിന്നും ഭക്ഷണത്തിൽ ചേർക്കുന്ന അനുവദനീയമല്ലാത്ത കളറുകൾ അടക്കം കണ്ടെത്തി, ഇവ ഭക്ഷണസാധനങ്ങളിൽ ഉപയോഗിക്കുന്നതായും സ്ഥിരീകരിച്ചു. ഈ ഹോട്ടലിന് പ്രവർത്തിക്കാനുള്ള ലൈസൻസും ഉണ്ടായിരുന്നില്ല.