കൊച്ചി: എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് ഡോ. എം എൻ സോമൻ, പിന്നോക്ക സമുദായ വികസന കോർപ്പറേഷൻ മുൻ എം ഡി ദിലീപ് കുമാർ, കെ കെ മഹേശൻ എന്നിവർ പ്രതികളായി വിജിലൻസ് കോടതിയിൽ 2016 മുതൽ കേസ് നിലവിലുണ്ട്. വി എസ് ആണ് ഈ കേസിലെ ഹർജിക്കാരൻ.
വിഎസ്സിന്‍റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടേശന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു.
കേസില്‍ കോടതി നിര്‍ദ്ദേശിച്ച പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രതികളില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കേസിന്‍റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതനാന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു.
മൈക്രോ ഫിനാൻസ് സംസ്ഥാന കോഡിനേറ്റർ കെ കെ മഹേശൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച പശ്ചാത്തലത്തിലായിരുന്നു പുതിയ ഹർജി.