KeralaNews

ചുമട്ടുതൊഴിൽ നിരോധിയ്ക്കണം,നിയമഭേദഗതി അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി:ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. പരിഷ്കൃതരാജ്യങ്ങളൊന്നും പൗരന്മാരെക്കൊണ്ട് തലയിൽ ചുമടെടുപ്പിക്കില്ല. 75 കിലോ ഭാരം ദിവസം നാലുമണിക്കൂർ വീതം 50 വർഷം ചുമന്നാൽ പിന്നെ ജീവിതമുണ്ടാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

ചുമട്ടുതൊഴിലാളി നിയമം ലോഡ് വർക്കേഴ്സ് ആക്ട് എന്ന് ഭേദഗതി ചെയ്യേണ്ട സമയമായി. 1970-ൽ നിലവിൽ വന്നതാണ് ഈ നിയമം. ഇതിനുശേഷം 50 വർഷം കഴിഞ്ഞു. നിയമം നിലനിൽക്കുന്നതിനാലാണ് ചുമട്ടുതൊഴിൽ ഇപ്പോഴും തുടരുന്നത്. മനുഷ്യത്വമില്ലാത്ത തൊഴിലാണിത്.

ചുമട്ടുതൊഴിലിന് പകരമായി യന്ത്രങ്ങൾ വന്നുകഴിഞ്ഞു. അപ്പോഴാണ് നോക്കുകൂലി ചോദിച്ച് തുടങ്ങിയത്. യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലടക്കം പരിശീലനം നൽകുകയാണ് വേണ്ടത്. ഇത്തരത്തിൽ ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ചുമടെടുക്കുന്നവരുടെ പേശികളും സ്പൈനൽ കോഡുമൊക്കെ തകരുകയാണ്. എന്നിട്ടും ചുമട്ടുതൊഴിൽ നിറുത്തുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. ക്ഷേമബോർഡൊന്നും വേണ്ടെന്നല്ല പറയുന്നത്. സ്ഥാപിത താത്പര്യമുള്ളവരാണ് അത്തരത്തിൽ വ്യാഖ്യാനിക്കുന്നത്.

ചുമട്ടുതൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനാണ് ചുമട്ടുതൊഴിലാളി നിയമം കൊണ്ടുവന്നതെന്ന് ഗവൺമെന്റ് പ്ലീഡർ ഇ.സി. ബിനീഷ് വാദിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ അത്തരം നിയമം ഇല്ലെന്നതും ശ്രദ്ധയിൽപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളുടെ കാര്യമല്ല പറയുന്നതെന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി.

ചുമട്ടുതൊഴിൽ നിലനിർത്തണമെന്ന് പറയുന്നവരാരും ചുമടെടുക്കുന്നവരല്ല. പാവം തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരാണ് അവർ.

രാഷ്ട്രീയപ്പാർട്ടികൾക്ക് താത്പര്യമുള്ളവരെ ചുമട്ടുതൊഴിലാളികളാക്കും. യാതൊരു പരിശീലനമോ അച്ചടക്കമോ അവർക്കില്ല. രാഷ്ട്രീയപ്പാർട്ടികൾക്കാണ് ചുമട്ടുതൊഴിൽ നിലനിർത്താൻ താത്പര്യമെന്നും കോടതി അഭിപ്രായപ്പെട്ടു.

നോക്കുകൂലി ചോദിച്ചതിന് പിടിച്ചുപറിക്കെതിരേ കേസെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതിനെ സ്വാഗതം ചെയ്ത കോടതി സർക്കാർ നടപടികളെ അഭിനന്ദിക്കുകയും ചെയ്തു.

നോക്കുകൂലി ചോദിച്ചാൽ കർശന നടപടി സ്വീകരിക്കാൻ ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നതായി സർക്കാർ അറിയിച്ചു. ഇതിന്റെ കരട് സർക്കാർ പരിഗണനയിലാണ്. ഈ ഭേദഗതി എന്ന് നടപ്പാക്കുമെന്ന് കോടതി ആരാഞ്ഞു.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് നോക്കൂകൂലി ആവശ്യപ്പെടുന്നവർക്കെതിരേ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചതായും സർക്കാർ അറിയിച്ചു. വിഷയം ഡിസംബർ 21-ന് വീണ്ടും പരിഗണിക്കും.

തൊഴിലാളി യൂണിയനുകൾ നോക്കുകൂലിയാവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ ഫയൽ ചെയ്ത ഹർജിയാണ് കോടതി പരിഗണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button