കൊച്ചി:പ്രിയ വര്‍ഗീസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം.
ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കടക്കമുള്ള കടന്നുകയറ്റമാണ് മാധ്യമങ്ങള്‍ നടത്തിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യേണ്ട വലിയ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. തനിക്കെതിരെ നടന്നത് കടുത്ത മാധ്യമവേട്ടയാണെന്ന പ്രിയ വര്‍ഗീസിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് കോടതിയുടെ പരാമര്‍ശം.
വിധിയുടെ അന്ത്യഭാഗത്താണ് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ നിരീക്ഷണമുള്ളത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സംഭവിച്ച വീഴ്ചയെപ്പറ്റി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. കോടതി മുറിയില്‍ ചര്‍ച്ച ചെയ്ത പല വിഷയങ്ങളും മാധ്യമങ്ങള്‍ ഏറ്റെടുത്ത് ചര്‍ച്ച ചെയ്തു.
ചാനല്‍ ചര്‍ച്ചകളില്‍, പ്രിന്റ് മീഡിയയിലെ വിശകലനങ്ങളില്‍, സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിഷയം കൈകാര്യം ചെയ്യുന്നതില്‍ സംയമനം പാലിച്ചില്ല. കോടതി മുറിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ എത് വ്യക്തിയുടെ സ്വകാര്യതയും അന്തസും ഹനിക്കുന്ന നിലയില്‍ പുറത്തു ചര്‍ച്ചയാകരുതെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ നിയമന ശുപാര്‍ശ അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി ഇന്ന് രാവിലെയാണ് പുറത്തുവന്നത്. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവാണ് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്ബ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.
നേരത്തെ, കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസാധുവാക്കിയിരുന്നു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസാറായി നിയമിതയാവാനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്‍എസ്‌എസിലെ പ്രവര്‍ത്തനം അധ്യാപന പരിചയമല്ല. ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
റാങ്ക് പട്ടിക പുനഃക്രമീകരിക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയവര്‍ഗീസിന്റെ നിയമനമെന്ന് ചൂണ്ടിക്കാട്ടി രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക വിധി. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ എട്ടു വര്‍ഷത്തെ അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.ഇതിനെതിരെ പ്രിയ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.