25.4 C
Kottayam
Friday, May 17, 2024

സിപിഎം എംഎൽഎ അയോഗ്യൻ;ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

Must read

കൊച്ചി∙ ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. 

ദേവികുളത്തെ സിപിഎം എംഎൽഎ എ.രാജയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എ.രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ.രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി.കുമാർ ഹർജി നൽകിയത്. 

ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നും എ.രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണു നടന്നതെന്നുമാണു ഡി.കുമാറിന്റെ വാദം. 

എ.രാജയുടെയും ഷൈനിപ്രിയയുടെയും വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു. താലിമാലയുടെ ലോക്കറ്റിൽ കുരിശ് ആലേഖനം ചെയ്തതായി വിവാഹഫോട്ടോയിൽ കാണാം. 

കോവിഡ് കാലത്തു കാലഹരണനിയമം ബാധകമല്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹർജി കാലഹരണപ്പെട്ടിട്ടില്ലെന്നും ജാതി സംബന്ധിച്ച തർക്കം വിശദമായി തെളിവെടുത്തു തീർപ്പു കൽപിക്കണമെന്നും കോടതി കണ്ടെത്തി.  ഡി.കുമാറിനു വേണ്ടി അഡ്വ. എം.നരേന്ദ്രകുമാറാണു ഹാജരായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week