ഡോ.റാമിന് രക്ഷപ്പെടാൻ പഴുതൊരുക്കി, ‘എന്തിനാണ് ഇങ്ങനെയൊരു പോലീസ്? രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി എം.കെ. റാമിനെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പിടികൂടിയ ആദ്യദിവസം തന്നെ റാമിന് ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു.

പ്രതിയെ പിടികൂടുന്നതിൽ പോലീസിന്‌ ഗുരുതര വീഴ്ചയുണ്ടായെന്നും ഇങ്ങനെയൊരു പോലീസ് എന്തിനാണെന്നും കോടതി ചോദിച്ചു. പ്രതിക്ക് രക്ഷപ്പെടാൻ ഡിവൈഎസ്പി പഴുതൊരുക്കുകയായിരുന്നു. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? നടപടിക്രമം പാലിച്ചില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തത് പ്രതിയെ രക്ഷിക്കാനാണെന്ന് ജസ്റ്റിസ് ബദറുദ്ദീൻ ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യണം. പ്രതിയുടെ അഭിഭാഷകനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പണത്തിന് മീതെ പരുന്തും പറക്കില്ല. പ്രതിയുടെ പണവും ആനുകൂല്യവും പറ്റി നടക്കുകയായിരുന്നു പോലീസ്.

ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഡോ. റാമിന്റെ കാര്യത്തിൽ സംഭവിച്ചത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ പരാതിയാണ് ഹൈക്കോടതി പരിഗണിച്ചത്.

നിതിൻ രാജിന്റെ മരണത്തിൽ സുപ്രീംകോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് പോലീസ് ഡോ. റാമിനെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് കോടതിയിൽ ഹാജരാക്കിയതിനു പിന്നാലെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.

പ്രതിയെ പിടികൂടാൻ പോലീസ് കൃത്യമായ ശ്രമങ്ങൾ നടത്തിയില്ല. പ്രതിക്ക് സഹായകമാകുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മറ്റു വഴികളില്ലാത്ത സാഹചര്യത്തിലാണ് അറസ്റ്റ് ഉണ്ടായതെന്നും സിംഗിൾ ബഞ്ച്‌ വിമർശിച്ചു.

പോലീസിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ഡോ. റാമിനെ രക്ഷിക്കാനുള്ള ഗൂഢാലോചന ഉണ്ടായെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥർ തൽസ്ഥാനത്ത്‌ തുടരാൻ അർഹരല്ലെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം നടന്നില്ലെങ്കിൽ കോടതിയുടെ ഭാഗത്തുനിന്ന് കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News