കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനും അദ്ദേഹത്തിന്റെ ഭാര്യയും ചേർന്ന് തനിക്കെതിരെ ലക്ഷങ്ങൾ എറിഞ്ഞ് നെഗറ്റീവ് പി.ആർ. വർക്കുകൾ ചെയ്യുകയാണെന്ന വൻ വെളിപ്പെടുത്തലുമായി നടൻ ജോജു ജോർജ്. ഷാജി കൈലാസ് സംവിധാനം ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വരവ്’ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണത്തോടെ പ്രദർശനം തുടരുന്നതിനിടയിലാണ് ജോജുവിന്റെ അപ്രതീക്ഷിത പ്രതികരണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പെയ്ഡ് പി.ആർ മാഫിയക്കെതിരെ താരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും തന്നെ വ്യക്തിഹത്യ ചെയ്യാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജോജു ആരോപിച്ചു. താൻ ഒരു മോശം വ്യക്തിയാണെന്നും സിനിമാ സെറ്റുകളിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണെന്നും വരുത്തിത്തീർക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. താൻ ചെയ്യാത്ത കാര്യങ്ങൾ പോലും വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത് വഴി തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും സിനിമകളുടെ കളക്ഷനെയും ഇത് ദോഷകരമായി ബാധിക്കുന്നുവെന്നും തീയേറ്റർ സന്ദർശനത്തിനിടെ അദ്ദേഹം മാധ്യമങ്ങളോട് തുറന്നടിച്ചു.
താൻ ഷൂട്ടിങ് സെറ്റുകളിൽ വെച്ച് 16 ഐഫോണുകൾ തല്ലിപ്പൊളിച്ചുവെന്നും തന്റെ നിലവിലെ പ്രതിഫലം അഞ്ച് കോടി രൂപയാണെന്നും കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകൾക്കെതിരെ ജോജു രൂക്ഷമായി പ്രതികരിച്ചു. “ഒരു ഐഫോണിന് ഒരു ലക്ഷം വെച്ച് കൂട്ടിയാൽ തന്നെ 16 ലക്ഷം രൂപയുടെ നഷ്ടം വരും. 16 ഫോൺ തല്ലിപ്പൊളിക്കാൻ 16 ദിവസങ്ങൾ വേണ്ടേ? ആകെ 40 ദിവസത്തെ ഷൂട്ടിംഗ് ഉള്ള സിനിമയിൽ ഇതിനൊക്കെ എവിടെയാണ് സമയം? ഒരു മര്യാദ വേണ്ടേ ഇങ്ങനെയുള്ള കള്ളങ്ങൾ പ്രചരിപ്പിക്കുമ്പോൾ? എന്റെ കൃത്യമായ ശമ്പളം എത്രയാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ചോദിച്ചാൽ അറിയാം, ഈ പറയുന്നതിന്റെ നാലിലൊന്ന് തന്നാൽ പോലും ഞാൻ അഭിനയിക്കാൻ റെഡിയാണ്,” എന്ന് ജോജു പരിഹസിച്ചു.
താൻ വലിയൊരു പ്രശ്നക്കാരനാണെങ്കിൽ മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനായ ജോഷി സാർ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് വീണ്ടും തന്നെ വിളിക്കില്ലായിരുന്നുവെന്നും ജോജു ചൂണ്ടിക്കാണിച്ചു. താൻ ഇതുവരെ സ്വന്തം സിനിമകൾക്കായി പണം കൊടുത്ത് പി.ആർ. വർക്കുകൾ ചെയ്യിപ്പിച്ചിട്ടില്ല. തന്റെ കഠിനാധ്വാനവും അഭിനയവും കണ്ട് തിയേറ്ററുകളിൽ ജനങ്ങൾ നൽകുന്ന ആത്മാർത്ഥമായ പിന്തുണ മാത്രമാണ് തന്നെ ഇവിടെവരെ എത്തിച്ചത്. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ പരസ്യമായി പ്രതികരിക്കേണ്ടി വരുന്നത് തന്നെ തന്റെ ഗതികേടാണെന്നും സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കിടയിൽ ഒരു മിനിമം ബഹുമാനം നിലനിർത്തണമെന്നും താരം അപേക്ഷിച്ചു.
ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിച്ച മാസ്സ് ആക്ഷൻ ത്രില്ലറായ ‘വരവ്’ എ.കെ. സാജനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത ക്യാമറമാൻ എസ്. ശരവണനാണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗും സാം സി.എസ്. പശ്ചാത്തല സംഗീതവും ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നതിനിടെ ജോജു ഉയർത്തിയ ഈ പി.ആർ. വിവാദം അമ്മ (AMMA) ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകൾക്കുള്ളിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
English Summary
Popular Malayalam actor Joju George has raised serious allegations against a prominent Malayalam actor and his wife, accusing them of running an organized paid PR campaign to defame him. Speaking during an Instagram Live session and a theater visit for his latest movie ‘Varavu’, directed by Shaji Kailas, Joju expressed deep frustration over ongoing character assassination on social media. Denying viral rumors that he smashed 16 iPhones on sets and demands ₹5 crore as remuneration, Joju challenged cyber attackers to verify his actual salary with the Producers’ Association. He emphasized that he survives solely on audience support, questioning if veteran director Joshiy would cast him for a third project if he were truly a troublemaker.


