KeralaNews

കല്ലിടുന്നതിന് വിലക്ക്: സില്‍വര്‍ ലൈനില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല നടപ്പാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് എതിരല്ല. എന്നാല്‍ ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി വിലക്കി. സര്‍വേ നിയമപ്രകാരമല്ലാത്ത അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കരുതെന്നാണ് നിര്‍ദേശം.

വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് കല്ല് സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാടില്‍ വ്യക്തതയില്ല. കോടതിയെ ഇരുട്ടത്ത് നിര്‍ത്തരുതെന്നും അസി . സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നുമാണ് കോടതിയുടെ ആവശ്യം.

പദ്ധതിയെ കുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണം. കോടതിയെ ഇരുട്ടത്ത് നിര്‍ത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാന്‍ പാടില്ല. സര്‍വേ ആക്ട് പ്രകാരമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ. നിയമപ്രകാരം സര്‍വേ നടത്തുന്നതിന് കോടതി എതിരല്ല. എല്ലാ നിയമങ്ങളും പാലിച്ച് വേണം സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ ഹര്‍ജി ഈ മാസം 21ലേക്ക് മാറ്റി. സാമൂഹികഘാത പഠനം പൂര്‍ത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹര്‍ജിക്കാര്‍ പറയുന്നു. കോട്ടയം, തൃശൂര്‍, കോഴിക്കോട് സ്വദേശികള്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതിയുണ്ടെന്നും എഐഐബി, കെ എഫ് ഡബ്ള്യുബി, എ ഡി ബി എന്നിവയുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയില്‍ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാന്‍ ബാങ്കിന്റെ പിന്തുണയും സില്‍വര്‍ ലൈന്‍ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button