കൊച്ചി: മുന്‍കൂട്ടി അറിയിപ്പ് ഇല്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നതു നിയമപരമല്ലെന്നു ഹൈക്കോടതി. കെ റെയില്‍ ഉള്‍പ്പെടെ ഏതു പദ്ധതിയായാലും സര്‍വേ നടത്തുന്നതു നിയമപരമായി തന്നെയാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിയമം നോക്കാന്‍ മാത്രമാണ് പറയുന്നത്. സര്‍വേ തുടരുന്നതിനു തടസമില്ല. കോടതി കെ റെയില്‍ പദ്ധതിക്ക് എതിരല്ല.
എന്നാല്‍ ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാന്‍ വീട്ടിലെത്തുന്നത് നിയമപരമാണോയെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. ജനങ്ങളുടെ വേദന കണ്ടില്ലെന്നു നടിക്കാന്‍ കോടതിക്കു കഴിയില്ല. ഒരു ഘട്ടത്തിലും കോടതി പദ്ധതിക്കെതിരല്ല. എന്നാല്‍, സര്‍വേ കല്ലിടല്‍ ഉള്‍പ്പടെ എല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കെ റെയില്‍ എന്ന് എഴുതിയ കല്ലുകള്‍ എന്ത് അടിസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത്. കെ റെയില്‍ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതു തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ടോ റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബെഞ്ചിന്റെ ആ ഉത്തരവ് ഹാജരാക്കണം. കെ റെയില്‍ എന്നു രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു.