കൊച്ചി: സിനിമാ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ജൂലൈ മൂന്നുവരെ വിനോദനികുതി പിരിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിനോദ നികുതിക്ക് ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ജിഎസ്ടിക്ക് പുറമെയുള്ള ഇരട്ടനികുതി ഏര്‍പ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്നും അധികനികുതി പിരിവ് സിനിമാമേഖലയെ തകര്‍ക്കുമെന്നുമാണ് സിനിമാ സംഘടനകള്‍ വാദിക്കുന്നത്.
ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ്‌ഐസക്കാണ് പ്രഖ്യാപിച്ചത്. സിനിമാ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിയ്ക്കു മേല്‍ വീണ്ടും 10% വിനോദ നികുതി കൂടി ചുമത്തുന്നതായിരുന്നു പ്രഖ്യാപനം.