ഹൈക്കോടതി: കെ.പി.സി.സിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാട് കര്‍ശനമാക്കി ഹൈക്കമാന്‍ഡ്. നാല് ഉപാധ്യക്ഷര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നീ പദവികളാകും കെ.പി.സി.സിയില്‍ ഉണ്ടാകുക.
10 വൈസ് പ്രസിഡന്റ്, 34 ജനറല്‍ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറര്‍ എന്നിവയടങ്ങുന്ന ജമ്പോ പട്ടികയായിരുന്നു മുന്‍കാലങ്ങളില്‍ കെപിസിസിക്ക് ഉണ്ടായിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്. കെപിസിസിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്.
സെപ്തമ്പര്‍ മൂന്നാം വാരത്തിന് മുന്‍പ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഭാരവാഹി നിര്‍ണയത്തിന് ഗ്രൂപ്പ് ഒരു വിധത്തിലും മാനദണ്ഡമാകരുതെന്ന് ഹൈക്കമാന്‍ഡ് പ്രത്യേകം ചൂണ്ടിക്കാട്ടി. ബ്ലോക്ക്, ജില്ലാ തല പുനഃസംഘടനയ്ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കെ.പി അനില്‍ കുമാറിനെയും ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു നേതാക്കളെ കെ.പി.സി.സി വിലക്കിയിട്ടുണ്ട്.
ഡി.സി.സി പട്ടികയടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു പോകരുതെന്നാണ് നിര്‍ദ്ദേശം. പാര്‍ട്ടി നിലപാട് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും വ്യക്തമാക്കുമെന്ന് കെ.പി.സി.സി നേതൃത്വം പാര്‍ട്ടി വക്താക്കളെ അടക്കം അറിയിച്ചു. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാദ്ധ്യമങ്ങളിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.