തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ അടുത്ത 48 മണിക്കൂറില്‍ ആരും തിരുവനന്തപുരം ജില്ലയില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയുണ്ടായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പര്‍ 1077.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി ‘ ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ചൊവ്വാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, 2020 ഡിസംബര്‍ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെയും മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബര്‍ 3 ,4 എന്നീ തീയതികളില്‍ തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും ഡിസംബര്‍ 5 ന് തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.