ചെന്നൈ: കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോൾ ഉള്ളതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊതയാർ വനമേഖലയിൽ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടർമാറും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും തമിഴ്നാട് വനംവകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തെളിവായി ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനംവകുപ്പ് പുറത്തുവിട്ടത്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം മേഖലയിൽ തുടരുകയാണ്.
ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.