കൊച്ചി: ജില്ലയിൽ മഞ്ഞപ്പിത്ത രോഗബാധ വർദ്ധിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പുറത്ത് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ ശുദ്ധമല്ലാത്ത വെളളത്തിൽ നിർമ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിൽ ഈ വർഷം ഇതുവരെ സംശയാസ്പദമായ 722 മഞ്ഞപ്പിത്തം കേസുകളും സ്ഥിരീകരിച്ച 563 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂർ, ആവോലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ മഞ്ഞപ്പിത്തരോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ മലിനമായ വെള്ളത്തിന്റെ ഉപഭോഗം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ നൽകുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. മഞ്ഞപ്പിത്തരോഗം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കുവാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.