ആലപ്പുഴ: ആറ് മണിക്കൂറിനുള്ളില്‍ 24 മുട്ടകൾ ഇട്ടതോടെ അത്ഭുത താരമായിരിക്കുകയാണ് ചിന്നു കോഴി. പുന്നപ്ര തെക്ക് ചെറകാട്ടില്‍ സി എന്‍ ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് 24 മുട്ടയിട്ട് താരമായത്. ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിലാണ് ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്റെ മക്കള്‍ ‘ചിന്നു’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന കോഴിയാണ് ഇന്നലെ നാടിനും വീടിനും കൗതുകമായി മാറിയത്.
എട്ടു മാസം പ്രായമായ ചിന്നുവിനെ ഉള്‍പ്പെടെ 23 കോഴികളെ ബാങ്ക് വായ്പയെടുത്ത് ഏഴ് മാസം മുന്‍പാണ് ബിജുവും ഭാര്യ മിനിയും ചേര്‍ന്ന് വാങ്ങിയത്. ഇന്നലെ രാവിലെ ചിന്നു മുടന്തി നടക്കുന്നതു ശ്രദ്ധിച്ച ബിജു കുമാര്‍ കോഴിക്ക് എന്തോ പ്രശ്നമുണ്ടെന്ന് കരുതി തൈലം പുരട്ടിയ ശേഷം മറ്റു കോഴികളില്‍നിന്ന് മാറ്റി നിര്‍ത്തി.
അല്‍പനേരം കഴിഞ്ഞ് തുടര്‍ച്ചയായി മുട്ടയിടുകയായിരുന്നു. അസാധാരാണ മുട്ടയിടല്‍ അറിഞ്ഞ് എത്തിയ നാട്ടുകാരുടെ മുന്നിലും ചിന്നു മുട്ടയിടല്‍ തുടര്‍ന്നു. സംഭവം അപൂര്‍വമാണെന്നും ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം വ്യക്തമാകൂ എന്നും മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പോള്‍ട്രി ആന്‍ഡ് ഡക് ഫാം അസി.പ്രഫ. ബിനോജ് ചാക്കോ പറഞ്ഞു.