കൊച്ചി:ഷൊർണൂരിലേയ്ക്ക് പോകുന്ന വേണാട് എക്സ്പ്രസ്സിൽ ഇന്ന് രാവിലെ ഏറ്റുമാനൂർ എടുത്തശേഷമാണ് യാത്രക്കാരിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാർ വൈക്കം റോഡിൽ അപായചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഗാർഡിന്റെ നിർദ്ദേശപ്രകാരം യാത്രക്കാരിയെ വേണാടിന്റെ അടുത്ത സ്റ്റോപ്പായ പിറവം സ്റ്റേഷനിലെത്തിയ്ക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മാവേലിക്കര സ്വദേശിനിയായ ഐശ്വര്യ എന്ന പെൺകുട്ടിയ്ക്കാണ് ഇന്ന് യാത്രാമദ്ധ്യേ ആരോഗ്യപ്രശ്നം ഉണ്ടായത്.അതികഠിനമായ തിരക്ക് മൂലം വേണാടിലെ ജനറൽ കോച്ചുകളിൽ ശുദ്ധവായുപോലും ലഭിക്കാത്ത അവസ്ഥയായിരുന്നു.
എറണാകുളം ഹൈവേയിൽ ഗതാഗതസൗകര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് യാത്രക്കാർ വൈക്കം റോഡിൽ അപായ ചങ്ങല വലിച്ചത്. അഞ്ചുമിനിറ്റ് വൈക്കം സ്റ്റേഷനിൽ നിർത്തിയെങ്കിലും പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ ട്രെയിൻ പിറവത്തേയ്ക്ക് എടുക്കുകയായിരുന്നു. വിവരം കൈമാറാനായി യാത്രക്കാർക്ക് നൽകിയിട്ടുള്ള ഹെൽപ് ലൈൻ നമ്പറായ 139 ൽ പലരും മാറിമാറി വിളിച്ചിട്ടും ഉത്തരം കിട്ടാതിരുന്നതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെ 139 ലുള്ള വിശ്വാസവും യാത്രക്കാർക്ക് നഷ്ടപ്പെട്ടു.
വിഷുവിനും ഈസ്റ്ററിനും ശേഷം ഓഫീസിലേയ്ക്ക് മടങ്ങുന്നവർ കൂടി ഇന്ന് വേണാടിനെ ആശ്രയിക്കുകയായിരുന്നു. ശരിക്കും വാഗൺ ദുരന്തത്തിന്റെ തനിയാവർത്തനമാണ് വേണാടിൽ ഇന്ന് അരങ്ങേറിയത്. അമിത തിരക്കുമൂലം യാത്രക്കാർ ഓരോ സ്റ്റേഷനിൽ ഇറങ്ങാനും വളരെയേറെ ആയാസപ്പെട്ടു. അതോടെ ഓരോ സ്റ്റേഷനിൽ നിന്നും വേണാട് ഇന്ന് വൈകിയാണ് പുറപ്പെട്ടത്.സാധാരണക്കാരന്റെ ആശ്രയമായ ജനറൽ കോച്ചുകൾ പരിമിതമാക്കിയതും സീസൺ യാത്രക്കാർക്ക് ഡി റിസേർവ്ഡ് കോച്ചുകൾ നൽകാത്തതും തിരക്ക് വർദ്ധിക്കാൻ കാരണമാണ്.
മറ്റു പ്രതിദിന ട്രെയിനുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വടക്കോട്ടും തെക്കോട്ടും ഓഫീസ് സമയം പാലിക്കുന്ന എല്ലാ ട്രെയിനുകളിൽ യാത്രക്കാരെ കുത്തിനിറച്ചാണ് സർവീസ് നടത്തുന്നത്. പല സംഘടനകളും യാത്രാക്കാരും ജനപ്രതിനിധികളടക്കം സ്റ്റേഷനിൽ പലതവണ പ്രതിഷേധിച്ചെങ്കിലും റെയിൽവേ അനങ്ങാപ്പാറ നയം തുടരുകയാണ്.
കോവിഡിന്റെ പേരിൽ റെയിൽവേ പാസഞ്ചർ /മെമു സർവീസുകൾ റദ്ദാക്കിയതുകൊണ്ടും നിലവിലെ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വെട്ടിച്ചുരുക്കിയതിനാലും കടുത്ത യാത്രാദുരിതം പേറിയാണ് ഓരോരുത്തരും ഇപ്പോൾ ഓഫീസിൽ എത്തുന്നത്. സീസൺ ടിക്കറ്റ് നിരുത്സാഹപ്പെടുത്തുകയാണ് ഇതിലൂടെ റെയിൽവേ ലക്ഷ്യമാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനറൽ കോച്ചുകളിൽ ഇടം തേടി യാത്രക്കാർ വാതിലുകൾ മാറിയോടുന്ന കാഴ്ചയ്ക്ക് ഇന്ന് പല ട്രെയിനുകളും സാക്ഷിയായി. ജനറൽ കോച്ചുകളിൽ പകുതി തിരിച്ചു RMS ന് നൽകുന്നതും സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതിനാൽ റിസർവേഷൻ കോച്ചുകൾ പലതും കാലിയായാണ് സർവീസ് നടത്തുന്നത്. ഈ സീറ്റുകളിൽ യാത്രക്കാർക്ക് സ്റ്റേഷനിൽ നിന്ന് തന്നെ (ഇൻഫർമേഷൻ കൗണ്ടറിൽ )അമിത പിഴ ഈടാക്കി യാത്രചെയ്യാവുന്നതാണ്. ഈ സമ്പ്രദായം കോവിഡ് മാനദണ്ഡത്തിന്റെ ഉൽപ്പന്നമാണ്. കോവിഡിന് മുമ്പ് സീസൺ അനുവദിച്ചിരുന്ന ഡി റിസേർവ്ഡ് കോച്ചുകളിൽ പതുങ്ങിയിരുന്ന് ടിക്കറ്റ് പരിശോധനകർ യാത്രക്കാർക്ക് പിഴ ഈടാക്കുന്നതും ജനറൽ കോച്ചുകളിലേയ്ക്ക് ഓടിച്ചു വിടുന്നത് ഇന്ന് ഒരു വിനോദമായി മാറിയിരിക്കുന്നു. അതുപോലെ ഉത്സവ സീസണിൽ കരിഞ്ചന്തയിൽ ഒരു ടിക്കറ്റിന് 1000 രൂപവരെ അധികം വാങ്ങുന്ന ലോബികൾ ഇന്ന് സജീവമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. .
പാസഞ്ചർ ട്രെയിനുകൾ നിഷേധിച്ചും ആവശ്യമായ ജനറൽ കോച്ചുകൾ അനുവദിക്കാതെയും മെമുവിൽ എക്സ്പ്രസ്സ് നിരക്ക് വാങ്ങിയും റെയിൽവേ ജനങ്ങളുടെ ജീവനും സ്വത്തും കൊള്ളയടിക്കുകയാണ്. എല്ലാ ജനപ്രതിനിധികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും അടിയന്തര ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാകണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുകയാണ്.