കാസർഗോഡ്: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച് പോലീസ് പിടിയിലായെന്ന വാർത്തകൾക്ക് പിന്നാലെ പുതിയ വിശദീകരണ വീഡിയോയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന എസ്.ആർ. ധന്യ രംഗത്ത്. താൻ ജയിലിൽ അല്ലെന്നും സ്വന്തം കാറായ പഞ്ചിൽ ഇരിക്കുകയാണെന്നുമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ധന്യ അവകാശപ്പെടുന്നത്.
നിലവിൽ താൻ ഒരു ആവശ്യത്തിനായി ഡിവൈഎസ്പി ഓഫീസിൽ എത്തിയതാണെന്നും ദയവായി എല്ലാവരും ചേർന്ന് തന്റെ അച്ഛനെയും അമ്മയെയും ഫോൺ വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ധന്യ വീഡിയോയിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതിനും പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചതിനും ഇവർക്കെതിരെ പോലീസ് കേസെടുത്തതായാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്.
ദേശീയപാത 66-ൽ റോഡിന് നടുവിലായി ധന്യ വാഹനം നിർത്തിയിട്ടിരിക്കുന്നത് കണ്ടാണ് പോലീസ് സംഘം അടുത്തേക്ക് എത്തിയത്. എന്നാൽ പോലീസ് വരുന്നത് കണ്ട് ഇവർ അമിതവേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് കിലോമീറ്ററുകളോളം പിന്തുടർന്ന പോലീസ് സംഘം ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് ധന്യയെയും കാറിനെയും തടഞ്ഞു നിർത്തിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ധന്യ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചത്. അപകടകരമായ രീതിയിൽ പൊതുവഴിയിൽ വാഹനമോടിച്ചതിനും പോലീസ് നിർദ്ദേശം ലംഘിച്ചതിനും മോട്ടോർ വാഹന വകുപ്പ് പ്രകാരം ഇവർക്കെതിരെ നടപടി സ്വീകരിച്ചു. നിയമപ്രകാരമുള്ള കനത്ത പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചതെന്നാണ് ലഭ്യമാകുന്ന ഔദ്യോഗിക വിവരങ്ങൾ.
മുൻപ് ടിക് ടോക് വീഡിയോകളിലൂടെയാണ് ധന്യ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാകുന്നത്. പിന്നീട് ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാമിലേക്ക് ചുവടുമാറ്റിയ ഇവർക്ക് നിലവിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണുള്ളത്. സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ ഇൻഫ്ലുവൻസർ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
English Summary
Social media influencer and viral star ‘Helen of Sparta’ broke her silence after being detained by the police for drunk driving in Kochi. In a video message shared from the DySP office, she clarified that she is not in jail but sitting comfortably under her ‘own punch’. She requested her followers not to trouble her parents by calling them regarding the incident. The video went viral instantly, drawing mixed reactions and heavy criticism from netizens for her casual attitude towards a serious law violation like drunk driving.


