പത്തനംതിട്ട: ശബരിമലയിൽ വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഭക്തജന പ്രവാഹം. അവധി ദിവസമായതിനാൽ ഇന്ന് 90,000 പേരാണ് വെര്‍ച്വൽ ക്യൂവഴി ബുക്ക് ചെയ്‌തത്. ഇന്ന് പുലര്‍ച്ചെ ഒരു മണി മുതൽ ആറര മണി വരെ 21,000 പേർ പതിനെട്ടാം പടി ചവിട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്തരുടെ തിരക്ക് ഉണ്ടെങ്കിലും നിലവിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്.
ഇന്നലെ രാത്രി 12 മണി വരെ മാത്രം 84,793 ഭക്തർ പതിനെട്ടാം പടി കയറിയിരുന്നു. പമ്പയിൽ വീണ്ടും തിരക്ക് കൂടിയതോടെ സത്രം-പുല്ലുമേട് കാനനപാത വഴി സന്നിധാനത്ത് വരുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ശബരിമലയിൽ ഡിസംബര്‍ എട്ടിന് ഉണ്ടായത് അഭൂതപൂർവ്വമായ തിരക്കാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അന്നായിരുന്നു തീർത്ഥാടകർക്ക് ദർശനത്തിനായി ഏതാണ്ട് പതിനാല് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നത്.
ഇത്തവണ മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇന്നലെ വൈകീട്ട് 6 മണി വരെ വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 18,12,179 ആണ്. പുല്ലുമേട് വഴി 31,935 പേരും സന്നിധാനത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം (ഡിസംബര്‍ എട്ട്) വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയവരുടെ എണ്ണം 88,744 ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഡിസംബർ അഞ്ചിന് 59,872, ഡിസംബര്‍ ആറിന് 50,776 , ഡിസംബര്‍ ഏഴിന് 79424 , ഡിസംബര്‍ ഒൻപതിന് 59226, ഡിസംബര്‍ പത്തിന് 47887 എന്നിങ്ങനെയാണ് വെർച്ച്വൽ ക്യൂ വഴിയും സ്പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്തിയ ഭക്തരുടെ എണ്ണം. കാനനപാതയായ പുല്ലുമേട് വഴി എത്തിയവരുടെ എണ്ണം ഇതിൽ ഉൾപ്പെടില്ല. ഇതും കൂടി ചേർത്താൽ തീർത്ഥാടകരുടെ എണ്ണം ഇനിയും ഉയരും.
ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ ഇന്നലെ ശബരിമലയിലെ തീർത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങൾ പരിശോധിച്ച് വിലയിരുത്തിയിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി, ദേവസ്വം ബോർഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായും മന്ത്രി ചർച്ച നടത്തി.
ഇതിന് ശേഷം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു. നിലയ്ക്കലിൽ 500 വാഹനങ്ങൾക്ക് കൂടി അധികം പാർക്കിങ് സൗകര്യം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റൂട്ടിൽ വാഹന പാർക്കിങ് സൗകര്യത്തോടെ, ആളുകൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സുരക്ഷിത താവളങ്ങൾ സജ്ജമാക്കാൻ പോലീസിനും വനം വകുപ്പിനും നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചിരുന്നു.
പമ്പയിൽ സ്ത്രീകൾക്കായി 66 ടോയ്‌ലറ്റ് കോംപ്ലക്‌സ് കൂടി സജ്ജമാക്കി. കൂടുതൽ ബയോ ടോയ്‌ലറ്റ് സൗകര്യവും ഏർപ്പെടുത്തും. കോടതിയുടെ നിർദ്ദേശമനുസരിച്ച് രണ്ട് ആംബുലൻസ് വാഹനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ സുരക്ഷ ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ പുതിയ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കൽ സുരക്ഷാസംവിധാനവും സജ്ജമാണെന്നും കെ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.