തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കനത്ത മഴയും കാറ്റും. ബോര്‍ഡുകളും ഫ്ലക്സുകളും കാറ്റില്‍ പറന്നുപോയി. പലയിടത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പാങ്ങോട് മരം ഒടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശത്മായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാംതീയതി വരെ സംസ്ഥാനത്തെ വിവിധിയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും. ബുധനാഴ്ചയോടെ രൂപപ്പെടുന്ന ചക്രവാതച്ചുഴി പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മധ്യ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.