തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല
വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളാണ് സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീണത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാർഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടമലയാര്‍ ഡാമിൻ്റെ രണ്ട് ഷട്ടറുകൾ അൻപത് സെ.മീ വീതം ഉയര്‍ത്തിയാണ് ഇപ്പോൾ വെള്ളം പുറത്തേക്ക് ഒഴുകി വിടുന്നത്. വൃഷ്ടിപ്രദേശത്ത് നിന്നുള്ള നീരൊഴുക്കും മഴയും കണക്കിലെടുത്ത് അൻപത് മുതൽ നൂറ് സെ.മീ വരെ ഷട്ടറുകൾ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. 164 മീറ്ററിലാണ് ഷട്ടറുകൾ തുറക്കുക.
ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ രേണുരാജ് അറിയിച്ചു. പുഴ മുറിച്ചു കടക്കുന്നതും, മീന്‍ പിടിക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
തൊടുപുഴ കുടയത്തൂരിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ മകൻ ദേവനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ചു മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിച്ചത്.