തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി. തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് അവധി നൽകാൻ തീരുമാനിച്ചത്.
ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലാ കളക്ടർ അറിയിപ്പ് പുറപ്പെടുവിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യുകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡൻഷൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.- കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
തൃശ്ശൂരിന് പുറമേ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് ജില്ലയിലും അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ഇന്ന് റെഡ് അലർട്ട് ഏർപ്പെടുത്തിയിരിക്കുകയാണ്.