ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചുകയറി;5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരിക്ക്. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് ബസുമായി കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു.

കളർകോട് ജങ്ഷനിൽ രാത്രി 8:45ന് ശക്തമായ മഴ പെയ്യുമ്പോഴാണ് അപകടം. കായംകുളത്തുനിന്ന് വൈറ്റിലയിലേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും എതിർദിശയിൽനിന്ന് വന്ന കെഎസ് 29 സി രജിസ്ട്രേഷനിലുള്ള ടവേര കാറുമാണ് കൂട്ടിയിടിച്ചത്. ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്ത ശേഷം ട്രാഫിക് പോലീസിൻ്റെ ഉൾപ്പെടെ വാഹനങ്ങളിൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.

കാർ നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും ലോക്കായിപ്പോയി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്ത് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയിൽ പലരുടെയും നില ഗുരുതരമായിരുന്നു. ബസിൻ്റെ മുൻസീറ്റിൽ ഇരുന്ന ആളുകൾ ചില്ല് തകർത്ത് പുറത്തേക്ക് വന്നുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.

അപകടത്തിൻ്റെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ബസും കാറും തമ്മിൽ ജാമായി കിടക്കുകയായിരുന്നുവെന്ന് മറ്റൊരാൾ പറഞ്ഞു. ഉടൻതന്നെ ബസ് ന്യൂട്രൽ ഗിയറിലിട്ട് പിന്നോട്ടെടുത്തു. പിന്നാലെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് കാർ യാത്രക്കാരെ പുറത്തെടുത്തു. ഈ സമയം അവർക്ക് ബോധമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അപകടത്തിന് കാരണം മോശം കാലാവസ്ഥയാകാമെന്ന് സ്ഥലത്ത് പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓവർസ്പീഡിന് സാധ്യതയുള്ള സ്ഥലമല്ല ഇവിടം എന്നും കാർ ടോട്ടൽ ലോസാണെന്നും വാഹനത്തിന് 14 വർഷം പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News