കൊച്ചി:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മൂന്നു മരണം. മലപ്പുറം കരിപ്പൂരിൽ വീട്ടിലേക്ക് മരം വീണ് രണ്ടു കുട്ടികളും കൊല്ലത്ത് വയോധികനുമാണ് മരിച്ചത്.കൊല്ലം തെന്‍മല നാഗമലയില്‍ തോട്ടില്‍ വീണ് വയോധികനാണ് മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. വീട്ടിലേക്ക് പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കവേ തോട്ടില്‍ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാന്‍ കഴിയാതായതാണ് അപകടത്തിന് കാരണമായത്
മലപ്പുറം കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി അടൂരില്‍ ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം വീണ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. ജന്മഭൂമി അടൂര്‍ ലേഖകന്‍ പി ടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്. ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇന്നലെ രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്പള്ളി ജംഗ്ഷന്‍ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.
മലപ്പുറം ജില്ലയിൽ രാത്രി മുഴുവൻ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നുവെന്നാണ് വിവരം. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലർച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാർക്കാടുനിന്ന് ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുനീക്കി. എന്നാൽ പാറക്കല്ലുകൾ നീക്കാൻ കഴിഞ്ഞിട്ടില്ല. പാലാ – ആനകട്ടി കെ.എസ്.ആർ.ടി.സി ബസ്സടക്കം നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി.
നെല്ലിയാമ്പതി ചുരത്തിലും മണ്ണിടിച്ചിലും ഗതാഗത തടസവും ഉണ്ടായി. എന്നാൽ ഫയർഫോഴ്സ് ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാട് നഗരത്തിലടക്കം കനത്ത മഴ തുടരുകയാണ്. കുന്തിപ്പുഴ അടക്കമുള്ളവയിൽ ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ രണ്ട് ഷട്ടറുകൾ നേരത്തെ തന്നെ 25 സെന്റീമീറ്റർവീതം തുറന്നിരുന്നു. 11.30 ഓടെ ഷട്ടറുകളുടെ ഉയരം 50 സെന്റീമീറ്ററാക്കും. ഇതോടെ കുന്തിപ്പുഴയിലും ഭവാനിപ്പുഴയിലും ജലനിരപ്പ് ഉയരും.
പറമ്പിക്കുളം, അപ്പർ ഷോളയാർ ഡാമുകളിൽ നിന്നും വെള്ളം തുറന്ന് വിട്ടതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. രാവിലെ 6.30 ഓടെ ജലനിരപ്പ് വൻതോതിൽ ഉയർന്നിട്ടുണ്ട്. രാത്രി മുതൽ അതിരപ്പിള്ളി ഷോളയാർ വനമേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടർന്നാണ് ചാലക്കുടി പുഴയിലേക്കുള്ള കുത്തൊഴുക്ക് വർധിച്ചത്. ഒറ്റരാത്രികൊണ്ട് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററിലധികം ഉയർന്നു. പരിയാരം അടക്കമുള്ള ചാലക്കുടി പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ് ഒഴുകുകയാണ്. ആനമല റോഡിലടക്കം വെള്ളം കയറി. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. വീടുകളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
ഒക്ടോബർ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളിൽ ഓറഞ്ച് അലെർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിലുള്ളവർ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
അടുത്ത നാല് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഓറഞ്ച് അലെർട്ട്
12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
13-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
14-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം
15-10-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലെർട്ട്
12-10-2021: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
13-10-2021: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
14-10-2021: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
15-10-2021: എറണാകുളം, ഇടുക്കി, കണ്ണൂർ