26.2 C
Kottayam
Friday, June 5, 2026

തമിഴ്നാട്ടിലും കനത്ത മഴ: മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

Must read

ചെന്നൈ: തമിഴ്നാട്ടിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. തെങ്കാശി, തിരുനെൽവേലി,കന്യാകുമാരി  എന്നീ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, തേനി  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 19 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലകളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും. മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നു മുതൽ വ്യാഴാഴ്ച വരെയാണ് മുന്നറിയിപ്പ്. തഞ്ചാവൂർ, തിരുവാരൂർ, കോയമ്പത്തൂർ, മധുര പ്രദേശങ്ങളിൽ ഇടവിട്ട മഴ തുടരുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. കാര്യമായ കൃഷിനാശവും സംഭവിച്ചു. വൈഗ നദിയിൽ നീരൊഴുക്ക് കൂടിയതിനാൽ ജാഗ്രതാ നിർദേശം നൽകി. സേലം മേട്ടൂർ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്താനും സാധ്യതയുണ്ട്. 

സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ (Kerala Rains) ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ ഇതുവരെ പൂര്‍ണമായി തകര്‍ന്നു. 55 വീടുകൾക്ക് ഭാഗീകമായി തകരാര്‍ സംഭവിച്ചു. ചീഫ് സെക്രട്ടറിയും വകുപ്പ് തലവൻമാരുമടക്കം ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, വിവിധ സേനാ മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ – 

- Advertisement -


മഴ ശക്തമാവുകയാണ്. അടുത്ത നാല്  ദിവസത്തേക്ക് അതിതീവ്രതയോടെയുള്ള മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ   മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. 2018 ലെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തുടര്‍ന്നുള്ള വര്‍ഷത്തിലും രൂക്ഷമായ കാലവര്‍ഷക്കെടുതി ഉണ്ടായി. ആ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. സംസ്ഥാനത്ത് അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായിട്ടുണ്ട്. 

- Advertisement -

ഇന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫിസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. അത് കഴിഞ്ഞ വൈകീട്ട് ജില്ലാ കളക്ടര്‍മാരുടെയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. 
  
 ഇന്നലെ വൈകീട്ട് മുതല്‍  തെക്കന്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.   നാളെ  വരെ അതിതീവ്ര മഴ പ്രധാനമായും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കേന്ദ്രീകരിക്കുമെന്നും നാളെ കഴിഞ്ഞ്   അത് വടക്കന്‍ കേരളത്തിലേക്ക് കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിലുള്ളത്.

അതിതീവ്രമഴ പ്രതീക്ഷിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായ 4 ദിവസം ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കില്‍ അത്  പ്രതിസന്ധി  സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. 

ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പുമാണ് നടത്തുന്നത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ മാത്രമല്ല സമീപ ജില്ലകളിലും അതീവ ജാഗ്രതയും തയ്യാറെടുപ്പുകളും ആവശ്യമാണ്.

- Advertisement -

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ഇടങ്ങളിലും വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ മുന്‍കരുതലിന്‍റെ ഭാഗമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം ഉടനെ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി  സ്വീകരിച്ചിട്ടുണ്ട്. 

ദേശീയ ദുരന്ത നിവാരണ സേനയുടെ 4 സംഘങ്ങള്‍ മുന്‍കൂറായി ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍  ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്‍ ഡി ആര്‍ എഫിന്‍റ  4 അധിക സംഘങ്ങളെ  കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളില്‍ വിന്യസിക്കും. 

ജലസേചന വകുപ്പിനു കീഴിലുള്ള 17 ഓളം അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്തു വിടുന്നുണ്ട്.  കെ.എസ്.ഇ.ബി യുടെ വലിയ അണക്കെട്ടുകളില്‍ വെള്ളം പുറത്തുവിടേണ്ട സാഹചര്യം നിലവിലില്ല. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നീ ഡാമുകളില്‍ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്. 
 
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുള്ളതാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കും.
 
അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും   പോലീസിന്‍റെ പ്രത്യേക  കണ്‍ട്രോള്‍ റൂമും ആരംഭിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാതല ദുരന്തനിവാരണ സമിതിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ജെ സി ബി, ബോട്ടുകള്‍, മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ എല്ലാ പോലീസ് സ്റ്റേഷനുകളിലും തയ്യാറാക്കി വെയ്ക്കും.  
 
പോലീസ് വിന്യാസത്തിന്‍റെ ചുമതലയുള്ള നോഡല്‍ ഓഫീസറായി സായുധ പോലീസ് ബറ്റാലിയന്‍ വിഭാഗം എഡിജിപി എം.ആര്‍.അജിത്കുമാറിനെയും  ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപി വിജയ് എസ്.സാക്കറെയെയും നിയോഗിച്ചു. 
 
അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും.  യോഗത്തില്‍ ജില്ലാ തല വകുപ്പ് മേധാവികളെ കൂടാതെ തദ്ദേശ സ്ഥാപന മേധാവികളെയും, എം.എല്‍.എ, എം.പി മാരെയും കൂടി പങ്കെടുപ്പിക്കും. 

എല്ലാ ജില്ലകളിലും ജെസിബി, ഹിറ്റാച്ചി, ടോറസ് ലോറി എന്നിവ അതാത് താലൂക്കുകളില്‍ നിന്നും വാഹന്‍ പോര്‍ട്ടല്‍ മുഖാന്തരം കണ്ടെത്തി ലഭ്യത ഉറപ്പ് വരുത്തണം. ദുരന്ത ആഘാതം ഏറ്റവും കൂടുതല്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ഒഴിപ്പിക്കല്‍ സമയത്ത്  മുന്‍ഗണന നല്‍കാനും കണ്ടെത്തിയവരെ മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശം നല്‍കി. 

 ട്രോളിങ് അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ കടല്‍ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് വരുത്തണം. 

മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട  സാഹചര്യം  ഉണ്ടാകുകയാണെങ്കില്‍ അതിനാവശ്യമായ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട സ്ഥലങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ വറ്റിക്കുവാന്‍ ആവശ്യമായ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കൃഷി, ജല സേചന വകുപ്പ്, തദ്ദേശ വകുപ്പ്, അഗ്നി രക്ഷാ വകുപ്പ് എന്നിവര്‍ ഉറപ്പ് വരുത്തണം. പാലങ്ങള്‍ എല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തേണ്ട ചുമതല തദ്ദേശ എന്‍ജിനിയറിങ് വകുപ്പ്, പൊതു മരാമത്ത് വകുപ്പ് എന്നിവര്‍ക്കാണ്. 

വനപ്രദേശങ്ങളിലും, ഊരുകളിലും, ലയങ്ങളിലും താമസിക്കുന്ന ആള്‍ക്കാര്‍ക്ക് മുന്നറിയിപ്പുകള്‍ എത്തിച്ച് നല്‍കുന്നതിന്  നടപടി സ്വീകരിക്കണം ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ അറിയിക്കുകയും വേണം. 

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി പൂര്‍ത്തീകരിക്കണം. സ്കൂളുകള്‍, ഹോസ്പിറ്റലുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുകയും, അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍ അവ ഉടന്‍ പരിഹരിക്കുകയും വേണം.

ഒഴിപ്പിക്കലിന് ബോട്ടുകള്‍ ആവശ്യമായ സ്ഥലങ്ങളില്‍ അവ തയ്യാറാക്കി നിര്‍ത്തേണ്ടതുണ്ട്. കടത്ത് തോണികള്‍, ഹൌസ് ബോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത് പരിഗണിക്കണം. കടത്ത് തോണിക്ക് പകരം മഴക്കാലത്തേക്ക് ഇത്തരം സ്ഥലങ്ങളില്‍ ബോട്ടുകള്‍ വാടകയ്ക്ക് എടുത്ത് ലഭ്യമാക്കുന്നത് പരിഗണിക്കണം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നു. കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നിട്ടുണ്ട്. നമ്പര്‍  807 8548 538 

മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നു കൊണ്ടായിരിക്കണം തദ്ദേശസ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. 

എന്‍ ഡി ആര്‍ എഫ്, ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്സ്, സി ആര്‍ പി എഫ്, ബി എസ് എഫ്, കോസ്റ്റ്ഗാര്‍ഡ്, ഐ ടി ഡി പി എന്നീ സേനാവിഭാഗങ്ങളുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

അതതു പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്കൂളുകള്‍ക്ക് അവധി നല്‍കാവുന്നതാണ്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ തന്നെ അവധി നല്‍കിയിട്ടുണ്ട്. മണ്ണൊലിപ്പ് സാധ്യത മുന്‍കൂട്ടി കണ്ട് ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റണം. 
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നുണ്ട്.  ഫണ്ട് ദൗര്‍ലഭ്യം മൂലം ഒരു പ്രവര്‍ത്തനങ്ങളും മുടങ്ങാന്‍ പാടില്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് കോര്‍പ്പറേഷനുമായി ആലോചിച്ച് കാര്യങ്ങള്‍ ചെയ്യണം എന്ന് നിര്‍ദേശം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

Popular this week