മുംബൈ/ഹൈദരാബാദ്: മഹാരാഷ്ട്രയിലെ കൊങ്കന്‍ മേഖലയില്‍ വെള്ളപ്പൊക്കം. രത്നഗിരി മേഖലയിലും കനത്ത മഴ തുടരുകയാണ്. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ചിപ്ലൂന്‍ പട്ടണം വെള്ളക്കെട്ടിലായതോടെ മുംബൈ – ഗോവ ഹൈവേ തല്‍ക്കാലത്തേക്ക് അടച്ചു. കൊങ്കന്‍ മേഖലയിലൂടെയുള്ള നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ട ട്രെയിനുകളിലായി ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങികിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
തെലങ്കാനയുടെ വടക്കന്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. തെലങ്കാനയിൽ 16 ജില്ലകൾ മഴക്കെടുതിയിലാണ്. ഗോദാവരി തീരത്ത് പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആദിലാബാദ് ഉള്‍പ്പടെ തെലങ്കാനയുടെ വടക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കമാണ്. നദികള്‍ കരകവിഞ്ഞു ഒഴുകുന്നു.
നിര്‍മ്മല്‍ പട്ടണത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിനടിയാണ്. ബെല്‍കോണ്ട മേഖലയില്‍ പലവീടുകളുടെയും ഒന്നാം നില വരെ വെള്ളം കയറിയ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ആന്ധ്രയിലെ സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതി വിലയിരുത്തി. നേവിയുടെയും കരസേനയുടെയും കൂടുതല്‍ സംഘങ്ങളെ ദുരിതബാധിത മേഖലയില്‍ വിന്യസിച്ചു.