കണ്ണൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ ഇരിട്ടിയിൽ മതിൽ ഇടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് തകർന്നത്. അപകടത്തിൽ നിന്ന് വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് മലയോരത്ത് പെയ്തു കൊണ്ടിരിക്കുന്നത്. ഇതേത്തുടർന്നാണ് അപകടം ഉണ്ടായത്.
പതിവിലും ഏറെ വൈകിയാണ് കേരളത്തിൽ കാലവർഷം സജീവമായത്. പിന്നാലെ കണ്ണൂർ ജില്ലയിൽ ഇന്ന് വ്യാപകമായി ശക്തമായ മഴ പെയ്തിരുന്നു. വിമാനത്താവള പരിസരത്ത് ഉണ്ടായ കനത്ത മഴയിൽ നാല് വീടുകളിൽ വെള്ളം കയറിയിരുന്നു.
ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ എം രാജീവൻ, വി വി ജാനകി, കെ മോഹനൻ, ഭാർഗവൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാൽ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു. വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണി മുതൽ ആരംഭിച്ച കനത്ത മഴ രാത്രി ഏഴ് മണിക്ക് ശേഷവും തുടർന്നു.
കൃഷിസസ്ഥലങ്ങളിലും വെള്ളം കയറി. തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയോട് ചേർന്ന് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെടുകയും ചെയ്തു.