ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ (heavy rain) തുടരുന്നു. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് (red alert) പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം (depression) തീവ്രന്യൂനമർദ്ദമായി (well marked depression) മാറിയിട്ടുണ്ട്. ഇത് നാളെ പുലർച്ചെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാൾ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമർദ്ദമാണിത്.
ചെന്നൈ തീരത്തിന് 270 കിലോമീറ്റർ തെക്കുകിഴക്കായാണ് നിലവിൽ തീവ്ര ന്യൂനമർദ്ദം ഉള്ളത്. ഇതിൻറെ പ്രഭാവത്തിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ പുലർച്ചെയോടെ ശക്തമായി. ഇപ്പോഴും മഴ തുടരുകയാണ്. വരും മണിക്കൂറുകളിൽ മഴയുടെ ശക്തി കൂടും. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ചെന്നൈ ഉൾപ്പെടെ അഞ്ച് ജില്ലകൾക്കായിരുന്നു നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോളത് 16 ആക്കി. കാഞ്ചീപുരം, ചെങ്കൽപേട്ട്, റാണിപ്പേട്ട്, തിരുവള്ളൂർ ജില്ലകളിലും നല്ല മഴയുണ്ട്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലും കാവേരി ഡൽറ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുകയാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
ചെന്നൈ നഗരത്തിൽ ടി നഗർ ഉസ്മാൻ റോഡ്, ജിവി ചെട്ടി റോഡ്, കിൽപ്പോക്ക് തുടങ്ങിയ പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമം തുടരുകയാണ്. പോണ്ടിച്ചേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കനത്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. നീരൊഴുക്ക് കൂടിയതിനാൽ ചെമ്പരമ്പാക്കം അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്.
തീവ്രന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൻ്റെ ഫലമായി ആന്ധ്രയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ചിറ്റൂരിൽ സ്വർണമുഖി നദീ തീരത്തുള്ളവരെ മാറ്റിപാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചതായി സർക്കാർ അറിയിച്ചു.മൈസൂരു അടക്കം കർണാടകയുടെ തീരമേഖലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുകയാണ്. നഗരത്തിൽ പലമേഖലകളിലും ഇതിനോടകം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചെന്നൈ നഗരത്തിലും മറ്റ് തീരമേഖലകളിലും കഴിഞ്ഞയാഴ്ച പെയ്ത തീവ്രമഴ സൃഷ്ടിച്ചവെള്ളക്കെട്ട് ദുരിതം തീരുംമുമ്പാണ് വീണ്ടും മഴ ഭീഷണി.
ഇന്ന് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പ് അനുസരിച്ച് കേരളത്തിൽ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. തിരുവനന്തപുരവും കൊല്ലവും ഒഴികെ സംസ്ഥാനത്തെ പത്ത് ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരാൻ തന്നെയാണ് സാധ്യത.