തിരുവന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ രണ്ട് ദിവസം കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. തുടർന്ന് മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്താ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
മൺസൂൺ പാത്തിയുടെ പടിഞ്ഞാറൻ ഭാഗം നിലവിൽ സാധാരണ സ്ഥാനത്തും മൺസൂൺ പാത്തിയുടെ കിഴക്കൻ ഭാഗം അസാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടു മാറിയുമാണ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി നിലവിൽ മധ്യ -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ആന്ധ്രാപ്രാദേശിന് സമീപത്തായാണ് നിലകൊള്ളുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതിനാൽ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിൻന്‍റെരണ്ട് ഷട്ടറുകളാണ് തുറന്നത്. ആദ്യ ഷട്ടർ 75 സെന്‍റീമീറ്ററും രണ്ടാമത്തെ ഷട്ടർ 30 സെന്‍റീമീമീറ്ററുമാണ് തുറന്നത്. കല്ലാർകുട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഒരു ഷട്ടർ 15 സെന്‍റീമീറ്ററും രണ്ടാമത്തം ഷട്ടർ 90 സെന്‍റീമീമീറ്ററുമാണ് തുറന്നിരിക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും.
കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് മാത്രമാണ് അവധി.