തൃശ്ശൂരിൽ ഭൂചലനം, ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദവും
തൃശ്ശൂർ: തൃശ്ശൂരിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നാട്ടുകാർ ആശങ്കയിലാണ്. വിവരമറിഞ്ഞ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ സ്ഥലങ്ങൾ ഉടൻ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഭൂചലനത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ വിശദീകരിച്ചു. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനങ്ങൾ രേഖപ്പെടുത്താൻ കഴിയില്ല. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വർഷം മുൻപും സമാനമായ രീതിയിൽ തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2018 സെപ്തംബർ 17ന് രാത്രിയായിരുന്നു സംഭവം. തൃശ്ശൂർ, ഒല്ലൂർ, ലാല്ലൂർ, കണ്ണൻകുളങ്ങര, കൂർക്കഞ്ചേരി അടക്കമുള്ള പ്രദേശങ്ങളിലാണ് അന്ന് രാത്രി 11.30 യോടെ ഭൂചലനം അനുഭവപ്പെട്ടത്. ഒരു സെക്കന്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന അന്നത്തെ ഭൂചലനത്തിൽ എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
അതേസമയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. പീച്ചി ഡാം റോഡിൽ രാവിലെ ആറരയോടെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സ് മരം മുറിച്ചു മാറ്റി. ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്ന് പറപ്പൂർ – ചാലയ്ക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മഠത്തിന് സമീപം റോഡരികിൽ നിന്ന തേക്ക് മരമാണ് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു.
പുതുക്കാട് സ്കൂളിന്റെ മതിൽ ഇടിഞ്ഞ് പുതുക്കാട് മുപ്ലിയം പ്രധാന റോഡിലേക്ക് വീണിട്ടുണ്ട്. തമിഴ്‌നാട് വാൽപ്പാറയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇവിടെ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വാൽപ്പാറ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.