തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കൊഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ദുരന്തനിവാരണ അഥോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ടൗട്ടേ എന്ന പേര് നല്‍കിയിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ നിലവില്‍ കേരളം ഉള്‍പ്പെട്ടില്ല. ആദ്യഘട്ടത്തില്‍ ഒമാനില്‍ തീരംതൊടും എന്ന് കരുതിയിരുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം നിലവില്‍ മാറിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഒടുവിലെ മുന്നറിയിപ്പ്.
ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതോടെ രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 200 മില്ലമീറ്ററിലധികം മഴ പെയ്യുമെന്നാണ് പ്രവചനം. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതും നിരോധിച്ചിട്ടുണ്ട്. നിലവില്‍ കടലില്‍ പോയിരിക്കുന്നവരോട് എത്രയും വേഗം തീരത്ത് തിരിച്ചെത്താനും നിര്‍ദ്ദേശം നല്കി.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ കളക്ടറേറ്റുകളില്‍ കണ്ട്രോള് റൂമുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ജില്ലാ ഭരണകൂടങ്ങളോട് മറ്റ് മുന്നൊരുക്കങ്ങള്‍ നടത്താനും വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുമാണ് നിര്‍ദ്ദേശം.