31.7 C
Kottayam
Sunday, May 12, 2024

സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്.  6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ആദ്യം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും, പത്ത് മണിയോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ 12 മണിയോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കുമരകത്താണ് കഴിഞ്ഞ 12 മണിക്കൂറിനിടെ ഏറ്റവും അധികം മഴ ലഭിച്ചത്. 148.5 മില്ലീമീറ്റർ. റെഡ് അലർട്ടിന് സമാനമായ മഴയാണ് ഇത്.  

കഴിഞ്ഞ 12 മണിക്കൂറിനിടയിലെ മഴ

കുമരകം — 148.5 mm 

തൈക്കാട്ടുശ്ശേരി (ആലപ്പുഴ)– 99.5 mm

ചൂണ്ടി (എറണാകുളം)– 80.5 mm

പള്ളുരുത്തി (എറണാകുളം) — 72 mm 

കളമശ്ശേരി (എറണാകുളം)  — 71 mm

എറണാകുളത്തും കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. കൊച്ചി നഗരം, ഹൈക്കോടതി പരിസരം, നോർത്ത് റയിൽവേ സ്റ്റേഷൻ പരിസരം, കലൂർ, എം ജി റോഡ്, മണവാട്ടിപ്പറമ്പ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കലൂരിൽ, മെട്രോ സ്റ്റേഷന് എതിർവശം പെട്രോൾ പമ്പിന്റെ മേൽക്കൂര കനത്ത കാറ്റിലും മഴയത്തും തകർന്നു വീണു. കലൂരിൽ ഉൾപ്പെടെ വാഹന ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടു. 

ആലപ്പുഴയിലും കനത്ത മഴയുണ്ട്. അപ്പർ കുട്ടനാട്ടിലും ലോവർ കുട്ടനാട്ടിലും മഴ ശക്തമാണ്. കിഴക്കൻ വെള്ളത്തിന്റെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ 3 ക്യാമ്പുകൾ തുടങ്ങി. നിരവധി കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഉച്ചയോടെ കൂടുതൽ ക്യാമ്പുകൾ തുറന്നേക്കും. കോട്ടയത്തും മഴ ശക്തമാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു

ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തണം എന്ന് നിർദേശിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി. മുൻ നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week