കാബൂൾ:താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സംഘർഷം വ്യാപിക്കുന്നു. അസാദാബാദിൽ താലിബാനെതിരായ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് മരണം. കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാൻ പതാക ഉയർത്തിയാണ് താലിബാൻ വിരുദ്ധ നിലപാടുകാർ പ്രതിഷേധമുയർത്തിയത്. ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിന് നെരെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരിൽ ഒരാൾ പതാകയേന്തിയ സ്ത്രീയാണ്. രാജ്യത്തെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
അതിനിടെ ഇന്ത്യക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാൻ തടഞ്ഞു. റോഡ് മാർഗ്ഗമുള്ള വ്യാപാരവും താലിബാൻ വിലക്കി. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിൽ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു. വ്യോമമാർഗ്ഗത്തിനൊപ്പം പാകിസ്ഥാൻ വഴി റോഡ് മാർഗ്ഗവും ചരക്കു നീക്കം തുടർന്നിരുന്നു. എന്നാൽ റോഡ് മാർഗ്ഗമുള്ള നീക്കം പൂർണ്ണമായും നിറുത്തിവയ്ക്കാനാണ് താലിബാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയോടുള്ള സമീപനം എന്താവും എന്ന സൂചന കൂടി ഈ നീക്കത്തിലൂടെ താലിബാൻ നൽകുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
അതിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാൻ ഇന്ത്യ അമേരിക്കൻ സഹായം ആവശ്യപ്പെട്ടു. ആദ്യ പരിഗണ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുക എന്നതിനാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. 400ലധികെ പേരെ മടക്കിക്കൊണ്ടു വരാൻ രണ്ട് യാത്രാ വിമാനങ്ങൾക്കും ഒരു സൈനിക വിമാനത്തിനുമാണ് ഇന്ത്യ അനുമതി തേടിയത്. ഒരു വ്യോമസേന വിമാനം കാബൂളിലുണ്ട്. എന്നാൽ ഇന്നലെ വിമാനത്താവളത്തിലേക്ക് കയറാൻ മലയാളികൾ ഉൾപ്പടെ നൂറിലധികം ഇന്ത്യക്കാരെ താലിബാൻ അനുവദിച്ചില്ല. അമേരിക്കൻ വിദേശകാര്യസെക്രട്ടറിയുമായി വിദേസകാര്യമന്ത്ര് എസ് ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തു.