ഗാന്ധിനഗർ: ഗുജറാത്തിൽ കനത്ത മഴ. നിർത്താതെ പെയ്ത മഴയിൽ ഹിമ്മത് നഗറിലെ പ്രധാന റോഡുകളിലും നിരവധി ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി വാഹനങ്ങൾ മഴവെള്ളത്തിൽ മുങ്ങി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ശാസ്ത്രിനഗർ, ഷാഗുൻ ബംഗ്ലാവ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവിധ മേഖലകളിൽ മുട്ടോളം വെള്ളത്തിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. ഒരു റെയിൽവേ അടിപ്പാതയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം, സബർകാന്ത ജില്ലയിൽ സെപ്റ്റംബർ 2 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് ൻകിയിട്ടുണ്ട്.


