തിരുവനന്തപുരം: ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ പിന്തുണയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ പ്രഖ്യാപിച്ചതിൽ വിശദീകരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ.
ശബരിമല അയ്യപ്പക്ഷേത്രത്തിൽ നിലനിന്നുപോരുന്ന ആചാരാനുഷ്‌ഠാനങ്ങൾക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിൻ്റെ പരിശുദ്ധി സംരക്ഷിക്കുന്ന വികസനപ്രവർത്തനങ്ങളാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത് നല്ലതാണെന്ന് എൻഎസ്എസ് പ്രസ്താവനയിൽ വ്യക്തമാക്കി.
സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉൾക്കൊള്ളുന്നതും ആയിരിക്കണം. എങ്കിൽ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാൻ കഴിയുകയുള്ളൂ. ഇക്കാര്യത്തിൽ നായർ സർവീസ് സൊസൈറ്റിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും സുകുമാരൻനായർ വ്യക്തമാക്കി.


