മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; നടുറോഡില്‍ മോഷ്ടാവിന് ദാരുണാന്ത്യം

മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; നടുറോഡില്‍ മോഷ്ടാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. കബ്ബണ്‍പേട്ടിലെ 14-ാം ക്രോസിലാണ് നാടകീയമായ സംഭവങ്ങള്‍ അപ്രതീക്ഷിത ദുരന്തത്തില്‍ കലാശിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിനടന്നുപോവുകയായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.

ഫോണ്‍ നഷ്ടപ്പെട്ടയാള്‍ ഉടന്‍ തന്നെ ബഹളം വെച്ചതോടെ സമീപത്തെ കടയിലുണ്ടായിരുന്ന ജീവനക്കാരന്‍ പ്രതികളുടെ ബൈക്കിന് നേരെ ചാക്ക് എറിഞ്ഞ് ഇവരെ തടയാന്‍ ശ്രമിച്ചു. ചാക്ക് വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കില്‍ നിന്നും പ്രതികള്‍ താഴെ വീഴുകയും തുടര്‍ന്ന് വാഹനം അവിടെത്തന്നെ ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയതോടെ ഭയന്നോടിയ പ്രതികളില്‍ ഒരാള്‍ക്ക് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും വഴിയില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമത്തെ പ്രതിയായ അര്‍ബാസിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെയും, നാട്ടുകാര്‍ പ്രതികളെ പിന്തുടരുന്നതിന്റെയും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഹലസുരു ഗേറ്റ് പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെക്കുറിച്ചും ഇവരുടെ മുന്‍കാല കുറ്റകൃത്യങ്ങളെക്കുറിച്ചും പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News