പാറ്റ്ന: ബീഹാറിലെ ജമുയി ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ തമ്മിലടിച്ചു. നവജാത ശിശുവിന് വാക്സിന് എടുത്തതിന് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലെത്തിയതും കയ്യാങ്കളിയില്‍ കലാശിക്കുന്നതും. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. നവജാത ശിശുവിന് ആദ്യ കുത്തിവെപ്പെടുക്കാനായി ആശാ വര്‍ക്കറായ റിതു കുമാരി ഓക്സിലറി നേഴ്സ് മിഡ് വൈഫായ (ഗ്രാമത്തില്‍ പ്രാഥമിക ചികിത്സകള്‍ നല്‍കാന്‍ നിയോഗിച്ച ആരോഗ്യ പ്രവര്‍ത്തക) രഞ്ജന കുമാരിയുടെ അടുത്തെത്തുകയായിരുന്നു.
എന്നാല്‍, കുത്തിവെപ്പെടുത്തതിന് രഞ്ജന കുമാരി 500 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആശാ വര്‍ക്കര്‍ ഇത് നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടക്കുകയായിരുന്നു. ഇരുവരും തമ്മില്‍ അടിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയുമായിരുന്നു. ഇവര്‍ തമ്മിലടിക്കുന്നത് കണ്ട് ഒരാള്‍ ഇടപെടുകയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ അടി നിര്‍ത്താന്‍ തയ്യാറാവാതെ ചെരിപ്പ് കൊണ്ടും ഇവര്‍ പരസ്പരം കയ്യാങ്കളി തുടരുകയായിരുന്നു.
ഇരുവരുടെയും തര്‍ക്കവും പിന്നാലെ നടന്ന സംഭവങ്ങളും ആളുകള്‍ ഷൂട്ട് ചെയ്യുകയും പിന്നാലെ വൈറലാവുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ശ്രദ്ധയിപ്പെട്ടതോടെ ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.