സംവിധായകന്‍ റാഫിയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് മാനേജറും ക്രൈംബ്രാഞ്ച് ഓഫീസില്‍; വിവരങ്ങള്‍ തേടി

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അടക്കമുള്ളവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ റാഫിയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ തേടി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് റാഫിയില്‍ നിന്ന് മൊഴിയെടുത്തത്. ദിലീപിന്റെ സിനിമ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജറെയും ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും മറ്റു ബന്ധങ്ങളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് റാഫിയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. ബാലചന്ദ്രകുമാര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ‘പിക്ക് പോക്കറ്റ്’ എന്ന സിനിമയുടെ കഥയും തിരക്കഥയും റാഫിയുടേതായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.

ദിലീപിന്റേതെന്ന് പറയുന്ന ശബ്ദരേഖ തിരിച്ചറിയാനും മറ്റുവിവരങ്ങള്‍ അറിയാനുമാണ് റാഫിയെ വിളിച്ചുവരുത്തിയതെന്ന് ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സമയം നീട്ടിനല്‍കില്ലെന്ന സുപ്രീംകോടതി വിധി ഈ കേസിനെ ബാധിക്കില്ലെന്നും രണ്ടും വ്യത്യസ്തമായ കേസുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ ചോദ്യംചെയ്യുന്നത് രണ്ടാംദിവസവും തുടരുകയാണ്. തിങ്കളാഴ്ചയും രാത്രി എട്ടുമണിവരെ ദിലീപിനെ ചോദ്യംചെയ്യും. ആകെ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ പുതിയ ചില തെളിവുകള്‍ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി പുതിയ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കുന്നില്ല. അതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14-ല്‍ നിന്നും നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇക്കാര്യം ഉന്നയിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം. മുന്‍പ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി തന്നെ സമീപിച്ചിരുന്നെന്നും ഇത് അംഗീകരിച്ചിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

എന്നാല്‍ രഹസ്യവിചാരണ നടക്കുന്ന കേസില്‍ മാധ്യമവിചാരണയാണ് നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് മാധ്യമവിചാരണ നടക്കുന്നത്. പുതിയ ചില തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് നടന്‍ ദിലീപിനെ പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കമെന്നും പ്രതിഭാഗം വാദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News