തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി. ഒരാഴ്ചക്കിടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ടെലി മെഡിസിന്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരും ശ്രദ്ധിക്കേണ്ടതാണെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം. തെരഞ്ഞെടുപ്പിനോട് അനബന്ധിച്ച പരിപാടികളില്‍ പങ്കെടുത്തവും അവരുമായി ഇടപഴകിയവരും വരുന്ന ഒരാഴ്ചക്കാലം ശ്രദ്ധിക്കേണ്ടതാണ്. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ പോലും നിസാരമായി കാണരുത്.
അവര്‍ ഇ-സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്തി തങ്ങളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് രോഗങ്ങള്‍ക്ക് പുറമേ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും അതോടൊപ്പം കോവിഡ് സംശയിക്കുന്നവര്‍ക്കും ഇ-സഞ്ജീവനിയെ ചികിത്സക്കായും മറ്റു നിര്‍ദേശങ്ങള്‍ക്കായും ആശ്രയിക്കാവുന്നതാണ്. വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ കൂടാതെ ഇ-സഞ്ജീവനിയില്‍ കൊവിഡ്-19 ക്ലിനിക്കുകളുടെ സേവനവും ലഭ്യമാണ്.