കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ നിപ്പ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിനാണോ ആദ്യം വൈറസ് പിടിപെട്ടതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഹമ്മദ് ഹാഷിമുമായി 188 പേരാണ് നിലവില്‍ സമ്പര്‍ക്കത്തിലുള്ളത്. സമ്പര്‍ക്കപ്പട്ടിക കുറ്റമറ്റതാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ചിലപ്പോള്‍ കൂടുതല്‍ പേര്‍ സന്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്നും മന്ത്രി പറഞ്ഞു. നിപ്പ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ഇന്ന് പ്രത്യേക പരിശീലനം നല്‍കും. കുട്ടിയുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനായി ആശവര്‍ക്കര്‍മാര്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങളുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരുടെ സാന്പിള്‍ പൂനയിലേക്ക് അയച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ പ്രാഥമിക പരിശോധന കോഴിക്കോട്ട് നടത്തും. ഇതിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ സാമ്പിള്‍ പരിശോധിക്കുന്നതിലുള്ള സൗകര്യം തയാറാക്കും. പുനെ വൈറോളജി ലാബില്‍നിന്നുള്ള വിദഗ്ധ സംഘമാണ് ഇവിടെ സാന്പിളുകള്‍ പരിശോധിക്കുന്നത്. ഇവര്‍ ഇന്ന് ഉച്ചയോടെ കോഴിക്കോട്ട് എത്തുമെന്നും മന്ത്രി പറഞ്ഞു.
നിപ്പ വ്യാപനം തടയാനുള്ള മാര്‍ഗങ്ങളെല്ലാം സ്വീകരിച്ചെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 2018ല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് മൂന്നുവര്‍ഷത്തിനുശേഷമാണ് വീണ്ടും ഭീതിപരത്തുന്നത്. വവ്വാലുകളാണു നിപ്പ രോഗവാഹകരെന്നാണ് മുന്‍കാലങ്ങളില്‍ പ്രചരിച്ചിരുന്നതെങ്കിലും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.