പോളിയോ മരുന്നു വിതരണത്തിനിടെ മദ്യപിച്ചെത്തി; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍

അമ്പലപ്പുഴ: പോളിയോ മരുന്നു വിതരണത്തിനിടെ മദ്യപിച്ചെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ ആര്യാട് കുന്നുമ്മല്‍വീട്ടില്‍ സുമന്‍ ജേക്കബാ(51)ണ് അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. ചുമതലയുണ്ടായിരുന്ന രണ്ടു ബൂത്തുകളില്‍ വിതരണത്തിനുള്ള മരുന്നു നല്‍കാതെ സുമന്‍ ജേക്കബ് ഒപ്പമുള്ള ഐസ് കൂടു മാത്രം നല്‍കുകയായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ അമ്പലപ്പുഴ എസ്ഐ. ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന്, ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സുമന്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു. പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു റിപ്പോര്‍ട്ടു നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News