തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുന്നതു മൂലം രോഗികളുടെ എണ്ണം വീണ്ടും പതിനായിരത്തിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മാസം പോസിറ്റിവിറ്റി നിരക്ക് മൂന്നു ശതമാനത്തില്‍ താഴെ എത്തിയിരുന്നു. ഇത് അഞ്ച് ശതമാനത്തിനു മുകളിലെത്തുന്നത് തീവ്രവ്യാപനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ഭാഗമായി മാസ്‌ക് ധരിക്കാത്തവര്‍ക്കും കൃത്യമായി സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും എതിരേ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം ചേരല്‍ അനുവദിക്കില്ല.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിദിന കൊവിഡ് പരിശോധന വര്‍ധിപ്പിക്കും. ഫെബ്രുവരി 24ന് ശേഷം ആദ്യമായി വ്യാഴാഴ്ച നാലായിരത്തിനു മുകളില്‍ രോഗം സ്ഥിരീകരിച്ചു. 4,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രം ഏഴു ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. എട്ടാം ദിവസം ഇവര്‍ ആര്‍ടിപിസി ആര്‍ പരിശോധന നടത്തണം.
എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴു ദിവസത്തിനകം മടങ്ങി പോകുന്നവര്‍ ആണെങ്കില്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ല. രോഗവ്യാപനം കണ്ടെത്തിയാല്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് കണ്ടെയിന്റ്‌മെന്റ് സോണുകള്‍ പ്രഖ്യാപിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചാലും രോഗബാധയുണ്ടാകാമെന്നും സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രണ്ടാം ഡോസ് കുത്തിവയ്പ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞു മാത്രമാണ് പ്രതിരോധശേഷി കൈവരുന്നത്. ആദ്യ വാക്‌സിന്‍ എടുത്ത് കഴിഞ്ഞ് കൊവിഡ് വന്നാലും തീവ്രത കുറവായിരിക്കും.