കൊച്ചി:മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിജുവിന്റെ അരങ്ങേറ്റം. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് സിജു വില്‍സണ്‍. നായകനായും സഹനടനായുമെല്ലാം സിജു വില്‍സണ്‍ കയ്യടി നേടി. ഇപ്പോഴിതാ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ വന്‍ വിജയം സിജുവിന്റെ കരിയറാകെ മാറ്റി മറച്ചിരിക്കുകയാണ്.
വിനയന്‍ ഒരുക്കിയ ചിത്രത്തിലെ സിജുവിന്റെ പ്രകടനവും ചിത്രത്തിനായി സിജു നടത്തിയ മേക്കോവറുമാക്കെ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സിജു വില്‍സണ്‍.
വിനയന്‍ സാറിന്റെ പടത്തില്‍ ഞാന്‍ ചാന്‍സ് അന്വേഷിച്ച് പോയിട്ടുണ്ട്. സാറിന്റെ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തില്‍ എന്റെ സുഹൃത്തായ മുരളിയായിരുന്നു നായകനായി ഭിനയിച്ചിരുന്നത്. മലര്‍വാടിയിലുണ്ടായിരുന്നയാളാണ്. ആ സിനിമയുടെ പൂജയ്‌ക്കൊക്കെ ഞാന്‍ പോയിട്ടുണ്ട്. സാറിന്റെ മുന്നില്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും കുറേ നടന്നിട്ടുണ്ട്. എങ്ങാനും കണ്ടിട്ട് ഇവന്‍ കൊള്ളാം എന്ന് തോന്നി ഏതെങ്കിലും ഒരു വേഷം തന്നാലോ എന്ന് കരുതിയാണ് നടക്കുന്നത്. പക്ഷെ സാറിനെ പരിചയപ്പെടാന്‍ പറ്റിയിരുന്നില്ല.
ആ സമയത്ത് സരോവരം ഹോട്ടലില്‍ സ്ഥിരമായി പൂജ നടക്കുമായിരുന്നു. എല്ലാ പൂജയ്ക്കും പോകുമായിരുന്നു. 2009-2011 വരെയുള്ള കാര്യമാണ്. ആ കാലത്തെ എല്ലാ പൂജയിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവിടെ പോയി വടയും ചായയും കുടിക്കുക, സംവിധായകരുടെ മുന്നില്‍ കൂടെ നടക്കുക ഇതായിരുന്നു. നമ്മളെയൊന്നും വിളിച്ചിട്ടുണ്ടാകില്ല. പക്ഷെ അങ്ങനെ നടന്നിട്ടും ഒരു സിനിമ പോലും കിട്ടിയില്ലെന്നതാണ് വാസ്തവമെന്നും സിജു പറയുന്നു.
ഞാന്‍ വരുന്ന സമയത്ത് ഓഡിഷന്‍സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കുറവാണ്. ഇപ്പോള്‍ കുറേക്കൂടി ജെനുവിനായിട്ടുള്ള ഓഡിഷനുകളാണ് നടക്കുന്നത്. അന്ന് ചുമ്മാ ഓഡിഷനുകള്‍ നടക്കുകയാണ്. എന്നോട് പൈസ ചോദിച്ചിട്ടുണ്ട്. നായകനായി നിങ്ങള്‍ ഓക്കെയാണ്. പക്ഷെ വേറെ ഒരാളും ഓക്കെയാണ് അഞ്ച് ലക്ഷം രൂപയിട്ടാല്‍ ഓക്കെയാണ് മറ്റേയാളും തരാന്‍ ഓക്കെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പൊന്ന് ചേട്ടാ എന്റെ കൈയ്യില്‍ പത്ത് പൈസയില്ല എങ്ങനെയെങ്കിലും അഭിനയിച്ച് കുറച്ച് കാശുണ്ടാക്കണം എന്ന് കരുതിയാണ് ഞാന്‍ വന്നിരിക്കുന്നത്. ആ എന്നോട് കാശ് ചോദിച്ചാല്‍ എവിടെ ഉണ്ടാകാനാണ് എന്ന് താന്‍ ചോദിച്ചെന്നും സിജു പറയുന്നു.
സിനിമയും പൈസയും ഇല്ലാതെ വരുമ്പോള്‍ പാഷന്‍ മാത്രം മതിയാകില്ലെന്ന് തോന്നുമെന്നാണ് സിജു പറയുന്നത്. ആ സമയത്ത് പൈസയെങ്കിലും കിട്ടട്ടെ എന്ന് കരുതി സിനിമകള്‍ ചെയ്യും. എന്നാല്‍ അത് കുറച്് കഴിയുമ്പോള്‍ വേണ്ടെന്ന് തിരിച്ചറിയുമെന്നാണ് താരം പറയുന്നത്. നഴ്‌സിംഗില്‍ നിന്നും സിനിമയിലേക്ക് വന്നപ്പോള്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും സിജു പറയുന്നു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് സിജു വില്‍സണ്‍ അരങ്ങേറുന്നത്. പിന്നീട് നേരത്തിലൂടെ ശ്രദ്ധ നേടിയെടുത്തു. ഹാപ്പി വെഡ്ഡിംഗിലൂടെയാണ് സിജു നായകനായി മാറുന്നത്. ഗോള്‍ഡ് ആണ് സിജു അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. മാരീചന്‍ ആണ് സിജുവിന്റേതായി അണിയറയിലൊരുങ്ങുന്ന പുതിയ സിനിമ. ഇതിനിടെ വാസന്തി എന്ന ചിത്രത്തിലൂടെ നിര്‍മ്മാണത്തിലേക്കും സിജു വില്‍സണ്‍ കടന്നിരുന്നു.