KeralaNews

‘ഇനി മലേഷ്യയിലേക്കില്ല ലോട്ടറി എടുക്കുന്നതു നിര്‍ത്താനും പോകുന്നില്ല’കോടീശ്വരന്‍ ഇനി നാട്ടില്‍ തുടരും

തിരുവനന്തപുരം: രണ്ടര വയസ്സുള്ള മകന്‍ അദ്വൈതിന്റെ സമ്പാദ്യക്കുടുക്കയിലെ 50 രൂപയാണു തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അനൂപിനു 25 കോടി രൂപയുടെ തിരുവോണം ബംപര്‍ ഭാഗ്യം കൊണ്ടുവന്നത്.

‘ടിക്കറ്റ് വാങ്ങാന്‍ 500 രൂപയ്ക്ക് 50 രൂപ കുറവുണ്ടായിരുന്നതിനാല്‍ എടുക്കേണ്ടെന്ന് ആദ്യം കരുതി. പിന്നെ മനസ്സ് മാറി. കൊച്ചിന്റെ കുടുക്ക പൊട്ടിച്ചു ബാക്കി പണമെടുത്ത് അതുകൊണ്ടാണു ലോട്ടറിയെടുത്തത്. ഒറ്റ ടിക്കറ്റേ എടുത്തുള്ളൂ. ആദ്യം മറ്റൊരു ടിക്കറ്റാണ് എടുത്തത്. നമ്പര്‍ ഇഷ്ടപ്പെടാത്തതിനാല്‍ മാറ്റിയെടുത്തു’ -കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേടിയതിന്റെ ത്രില്ലില്‍ അനൂപ് പറയുന്നു.

നഗരത്തില്‍ പെരുന്താന്നി വാര്‍ഡില്‍ ശ്രീവരാഹം മാര്‍ക്കറ്റ് ജംക്ഷനു സമീപം ‘പണയില്‍’ വീട്ടിലേക്കാണു ഭാഗ്യദേവത കടന്നുചെന്നത്. ശനിയാഴ്ച രാത്രിയാണു ഭഗവതി ഏജന്‍സീസിന്റെ പഴവങ്ങാടി ശാഖയിലെത്തി ടിക്കറ്റെടുത്തത്.

‘സ്ഥിരമായി ലോട്ടറിയെടുക്കും. 5000 രൂപ വരെ അടിച്ചിട്ടുണ്ട്. കാശില്ലാത്തതിനാല്‍ ഓണം ബംപര്‍ എടുക്കേണ്ട എന്നാണു വിചാരിച്ചത്. ശനിയാഴ്ച കുറച്ചു പൈസ കിട്ടിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചു. ടിവി വാര്‍ത്ത കണ്ട് നമ്പര്‍ ഒത്തുനോക്കിയപ്പോള്‍ ഒരു നമ്പര്‍ മാറിയെന്നാണു വെപ്രാളത്തില്‍ തോന്നിയത്. ഭാര്യ മായയാണു സ്ഥീരികരിച്ചത്.’ 6 മാസം ഗര്‍ഭിണിയാണ് മായ.

കൂലിപ്പണിക്കാരനായ അച്ഛന്‍ മരിച്ച ശേഷം ഓട്ടോ ഓടിക്കുകയാണ് അനൂപ്. കടങ്ങള്‍ വീട്ടാന്‍ മലേഷ്യയില്‍ ഷെഫിന്റെ ജോലിക്കായി പോകാനിരിക്കുകയായിരുന്നു. മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നു 2 ലക്ഷം വായ്പ അനുവദിച്ചെന്നു കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ‘ഇനി വിദേശത്തേക്കു പോകുന്നില്ല. ലോട്ടറി എടുക്കുന്നതു നിര്‍ത്താനും പോകുന്നില്ല’- അനൂപ് പറയുന്നു.

തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച അനൂപിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് 15.75 കോടി രൂപയാണു ലഭിക്കുക. ബംപര്‍ ടിക്കറ്റ് വിറ്റ ഏജന്‍സി ഉടമ പി.തങ്കരാജനു കമ്മിഷനായി കിട്ടുക രണ്ടരക്കോടി രൂപയും. രണ്ടാം സമ്മാനമായ 5 കോടി രൂപ TG 270912 നമ്പറിനു ലഭിച്ചു. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button