കൊച്ചി:തെലുങ്കിലും തമിഴിലും കന്നഡയിലും വലിയ ഹിറ്റുകളുടെ ഭാഗമായി നിറ സാന്നിധ്യമാണ് ജയറാം. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ജയറാം. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ജയറാം മലയാളത്തില്‍ സിനിമകള്‍ ചെയ്തിട്ടില്ല. തുടര്‍ പരാജയങ്ങള്‍ കരിയറിനെ അലട്ടിയതോടെയാണ് ജയറാം ഇങ്ങനൊരു തീരുമാനം എടുക്കുന്നത്.
2019 ല്‍ പുറത്തിറങ്ങിയ പട്ടാഭിരാമന് ശേഷം അദ്ദേഹം പിന്നീട് ഒന്നര വര്‍ഷം മലയാളത്തില്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന സിനിമയില്‍ അഭിനയിച്ചുവെങ്കിലും ഈ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ല. മീര ജാസ്മിന്റേയും തിരിച്ചുവരവ് ചിത്രമായിരുന്നു മകള്‍.
ഇതിനിടെ തെലുങ്കിലും തമിഴിലും സൂപ്പര്‍ ഹിറ്റുകളില്‍ അഭിനയിച്ച് ജയറാം കയ്യടി നേടുന്നുണ്ടായിരുന്നു. തമിഴില്‍ പൊന്നിയിന്‍ സെല്‍വനിലും തെലുങ്കില്‍ ആല വൈകുണ്ഠാപുരമുലോയിലുമൊക്കെ ജയറാം അഭിനയിച്ച് തകര്‍ത്തു. ഇപ്പോഴിതാ മലയാളത്തിലും ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് ജയറാം. പാലക്കാട് ഒരു പൊതുപരിപാടിയില്‍ തന്റെ തിരിച്ചുവരവിനെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
”കഴിഞ്ഞ 35 വര്‍ഷമായി, ഭാഗ്യം കൊണ്ടും നിങ്ങളുടെയൊക്കെ സ്‌നേഹം കൊണ്ടും ധാരാളം സിനിമകള്‍ ചെയ്യാന്‍ സാധിച്ചു. ഇപ്പോള്‍ മലയാളം വിട്ട് മറ്റ് പല ഭാഷകളിലും അഭിനയിക്കാനുള്ള ഭാഗ്യം ദൈവം ഉണ്ടാക്കി തരുന്നുണ്ട്. ഇതൊന്നും നമ്മള്‍ വിചാരിച്ചാല്‍ നടക്കുന്ന കാര്യങ്ങളല്ല. നമ്മളെ തേടി വരേണ്ട കാര്യങ്ങളാണ്. തെലുങ്കില്‍ കുറേ സിനിമകള്‍ ചെയ്യുന്നുണ്ട്. നാളെ രാവിലെ എത്തേണ്ടത് മഹേഷ് ബാബുവിന്റെ സിനിമയിലാണ്. അതു കഴിഞ്ഞ് അടുത്ത ആഴ്ച തുടങ്ങുന്നത് രാം ചരണിന്റെ സിനിമയാണ്. അത് സംവിധാനം ചെയ്യുന്നത് ശങ്കര്‍ ആണ്. അതിന് ശേഷം, പെണ്‍കുട്ടികള്‍ക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള വിജയ് ദേവരക്കൊണ്ടയുടെ സിനിമ” ജയറാം പറയുന്നു.
”അതേപോലെ കന്നഡയില്‍ രാജ്കുമാറിന്റെ മകന്‍ ശിവരാജ് കുമാറിന്റെ കൂടെ ഗോസ്റ്റ് എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നുണ്ട്. സെപ്തംബറിലാണ് റിലീസ്. തമിഴില്‍ പൊന്നിയിന് സെല്‍വനാണ് ഒടുവില്‍ റിലീസായത്. മണിരത്‌നം എന്ന ലെജന്റിന്റെ കൂടെ. അതും തമിഴിന്റെ ചരിത്രം പറയുന്ന സിനിമയുടെ ഭാഗമാകാനും നമ്പിയെന്ന കഥാപാത്രമാകാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ മഹാഭാഗ്യങ്ങളില്‍ ഒന്നാണ്” എന്നും ജയറാം പറയുന്നു.
ഞാനായിട്ട് എടുത്തതാണ് കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി മലയാളത്തില്‍ നിന്നുമുള്ള ഇടവേള. നല്ലൊരു പ്രൊജക്ടിലൂടെ തിരികെ വരാനായിരുന്നു ഇടവേളയെടുത്തത്. എന്റെ കാത്തിരിപ്പ് വെറുതെയായില്ല. ഇപ്പോള്‍ ചെയ്യുന്ന എബ്രഹാം ഓസ്ലര്‍, അഞ്ചാം പാതിര എന്ന വലിയ ഹിറ്റായ സിനിമയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ ചെയ്യുന്ന സിനിമയാണ്. എനിക്ക് വളരെയേറെ പ്രതീക്ഷ തരുന്ന ത്രില്ലര്‍ ആണ് എബ്രഹാം ഓസ്ലര്‍. അതിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.
വീണ്ടും വീണ്ടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയാണ്. എത്ര പറഞ്ഞാലും മതിയാകില്ല. എവിടെ ചെന്നാലും എപ്പോഴും എല്ലാ അമ്മമാരും മോനേ സുഖമാണോ, പാര്‍വതി എങ്ങനെയിരിക്കുന്നു, മോന് സുഖമാണോ മോള്‍ക്ക് സുഖമാണോ എന്ന് ചോദിക്കും. ആ സന്തോഷം സിനിമയ്ക്കുമൊക്കെ അപ്പുറത്തുള്ളതാണ്. എവിടെ ചെന്നാലും ആ സ്‌നേഹം ഉണ്ടാകട്ടെ. അത് മാത്രം ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞാണ് ജയറാം പ്രസംഗം നിര്‍ത്തുന്നത്. പിന്നാലെ സദസ് ആവശ്യപ്പെട്ടത് പ്രകാരം പാട്ട് പാടുകയും ചെയ്യുന്നുണ്ട് ജയറാം.