ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

കൊല്ലം: പോലീസിന് പിടികൊടുക്കാതെ മുങ്ങിനടന്ന പീഡനശ്രമക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചു കയറിയത്, അന്വേഷിച്ചുനടന്ന എസ്.ഐ. യുടെതന്നെ സ്കൂട്ടറിൽ. അപകടം മണത്ത പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീണു.

കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവിൽവീട്ടിൽ ജോമോൻ (19) ആണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. ബിൻസ്‌രാജിനോടാണ് ജോമോൻ ലിഫ്റ്റ് ചോദിച്ചത്.

കൊല്ലം-തേനി പാതയിൽ അലിൻഡ് ഫാക്ടറിക്കു മുന്നിലെത്തിയപ്പോഴാണ് എസ്.ഐ. യുടെ സ്കൂട്ടറിലാണ് ലിഫ്റ്റ്‌ ചോദിച്ചു കയറിയതെന്ന് ജോമോൻ തിരിച്ചറിഞ്ഞത്. ഇറങ്ങി ഓടുന്നതിനിടെ ജോമോനെ എസ്.ഐ. പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പൊന്തക്കാട്ടിൽ ഒളിച്ച പ്രതിയെ എസ്.ഐ.യും അലിൻഡിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന യു.ഡി.എഫ്. പ്രവർത്തകരും ചേർന്ന് പിടികൂടി.

കുണ്ടറ സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പോലീസിന് കൈമാറി. കിഴക്കേ കല്ലട സ്റ്റേഷനിൽ, മോഷണമുൾപ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News