രാജ്യത്തെ മനുഷ്യസ്നേഹികളുടെ പട്ടികയില്‍ ഒന്നാമതെത്തി എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍. എഡെല്‍ഗീവ് ഹരൂണ്‍ ഇന്ത്യ പുറത്ത് വിട്ട 2022ലെ മനുഷ്യ സ്നേഹികളുടെ പട്ടികയില്‍ അസിം പ്രേംജി അടക്കമുള്ളവരെ പിന്തള്ളിയാണ് ശിവ് നാടാര്‍ ഒന്നാമതെത്തിയത്. 1161 കോടി രൂപയാണ് വര്‍ഷത്തില്‍ ശിവ് നാടാര്‍ സംഭാവന ചെയ്തത്. ഒരു ദിവസം ഏകദേശം മൂന്ന് കോടിയോളം രൂപയാണ് ശിവ് നാടാര്‍ സംഭാവനയായി നനല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
484 കോടി രൂപ സംഭാവന ചെയ്ത വിപ്രോ സ്ഥാപകനായ അസിം പ്രേംജിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് വര്ഷം ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് അസിം പ്രേംജിയാണ്. 77കാരനാണ് ശിവ് നാടാര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നനായ ഗൌതം അദാനി ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താനുള്ളത്. 190 കോടി രൂപയാണ് അദാനി സംഭാവന ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അദാനി പട്ടികയില്‍ മുന്നോട്ട് വന്നിട്ടുണ്ട്.
വ്യാഴാഴ്ച പുറത്ത് വന്ന പട്ടികയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 15 പേരാണ് വര്‍ഷം തോറും നൂറ് കോടിയിലധികം സംഭാവന നല്‍കിയിട്ടുള്ളത്. 20 പേര്‍ 50 കോടിയിലധികം സംഭാവന ചെയ്തിട്ടുണ്ട്. 43 പേര്‍ 20 കോടിയിലധികം സംഭാവന ചെയ്തിട്ടുണ്ട്. ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ ഗ്രൂപ്പ് ചെയര്‍മാന്‍ എഎം നായിക് 142 കോടി രൂപ സംഭാവന ചെയ്ത് മഹാമന്സ്കനായ പ്രൊഫഷണല്‍ മാനേജരായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷം തോറും 100 കോടിയിലധികം സംഭാവന നല്‍കുന്നവരുടെ എണ്ണം രണ്ടില്‍ നിന്ന് 15ആയി ഉയര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം ആറ് വനിതകളും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. റോഹിണി നിലേകനി, ലീനാ ഗാന്ധി തിവാരി, അനു അഗ എന്നിവരും പട്ടികയില്‍ ഇടം നേടി. പട്ടികയില്‍ ഇടം നേടിയവരുടെ ശരാശരി പ്രായം 69 വയസാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് വയസ് കുറവാണ്. മുംബൈയില്‍ നിന്നുള്ളവരാണ് പട്ടികയില്‍ ഇടം നേടിയവരില്‍ ഏറിയ പങ്കും.