ന്യൂഡല്‍ഹി: ജീവിതത്തില്‍ താന്‍ നേരിട്ട വര്‍ണവിവേചനത്തെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. ക്രിക്കറ്റ് കമന്റേറ്റര്‍മാര്‍ ട്രോള് ചെയ്യപ്പെടുന്നതിനെ പറ്റിയുള്ള ട്വീറ്റിനോട് പ്രതികരിക്കവേയാണ് താന്‍ നേരിട്ട വിവേചനത്തെ പറ്റി അദ്ദേഹം പറഞ്ഞത്. ‘നിറത്തിന്റെ പേരില്‍ ഞാന്‍ വിമര്‍ശിക്കപ്പെടുകയും വിവേചനം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ട്രോളുകളൊന്നും എനിക്കൊരു വിഷയമല്ല. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊക്കെയാണ് സംഭവിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ഇതിനു മുന്‍പ് ഇന്ത്യയുടെ മുന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ അഭിനവ് മുകുന്ദും താന്‍ നരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ’15 വയസ്സ് മുതല്‍ ഞാന്‍ രാജ്യത്തിനകത്തും പുറത്തും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ചെറുപ്പം മുതലേ, എന്റെ നിറത്തോടുള്ള ആളുകളുടെ മനോഭാവം എനിക്ക് എപ്പോഴും ഒരു നിഗൂഢതയാണ്. ക്രിക്കറ്റിനെ പിന്തുടരുന്ന ആര്‍ക്കും അത് വ്യക്തമാകും.
ഞാന്‍ പകല്‍ സമയത്ത് വെയിലത്ത് കളിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുണ്ട്, ഒരിക്കല്‍ പോലും എനിക്ക് രണ്ട് ഷേഡുകള്‍ നഷ്ടപ്പെട്ടതില്‍ ഞാന്‍ ഖേദിച്ചിട്ടില്ല,’ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ അഭിനവ് മുകുന്ദ് പറഞ്ഞു. ‘ഞാന്‍ ചെയ്യുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. മണിക്കൂറുകളോളം വെയിലത്ത് ചെലവഴിച്ചതുകൊണ്ടാണ് ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞത്.
രാജ്യത്തെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളിലൊന്നായ ചെന്നൈയില്‍ നിന്നാണ് ഞാന്‍ വരുന്നത്, എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞാന്‍ സന്തോഷത്തോടെയാണ് ചെലവഴിച്ചത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.